ജ്യോനവന്റെ കവിത-മുറിവേറ്റ മാന്‍പേടയുടെ നിര്‍ദ്ദയമായ വെളിപ്പെടുത്തലുകള്‍…

ജ്യോനവന്‍ ഓര്‍മ്മയായി…

ഞാന്‍ ആ കവിതകള്‍ ഇപ്പോഴാണ്‌ വായിക്കുന്നത്‌…

വായിച്ചപ്പോള്‍ അവയെക്കുറിച്ച്‌ ചിലത്‌ കുറിക്കണമെന്ന്‌ തോന്നി…

ഇതൊരു സ്നേഹാഞ്ജലിയാണ്‌…..

ഒരു ബ്ളോഗറുടെ തിലോദകം….


പ്രിയ ജ്യോനവന്‍,

താങ്കള്‍ക്ക്‌ മരണമില്ല…

കവിതകളിലൂടെ….

മാന്‍ഹോള്‍’-എന്ന കവിത ഒരു നഗരവാസിയുടെ നൊമ്പരങ്ങളാണ്‌…

ഗ്രാമത്തിന്റെ  നൈര്‍മ്മല്യത്തില്‍ അഭിരമിക്കുന്ന ഒരു ഗ്രാമീണന്റെ  മനസ്സ്‌ നമുക്കിവിടെ കാണാം.


“ഞാനൊരു വഗരവാസിയണ്‌

തെളിച്ചുപറഞ്ഞാല്‍ ഒരഴുക്കുചാല്‌”– കാപട്യം നിറഞ്ഞ നഗരജീവിതത്തോടുള്ള വിരക്തി ഈ വരികളില്‍ തെളിഞ്ഞുകാണാം..


‘നാട്യപ്രധാനം നഗരം,ദരിദ്രം’-തന്നെയാണ്‌.

അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.അത്‌ പ്രായോഗികതയുടെ പ്രശ്നമാണ്‌ ..ജീവിക്കുവാന്‍ നഗരത്തെ ആശ്രയിക്കേണ്ടീരിക്കുന്നു .എങ്കിലും ഗ്രാമഭംഗികള്‍ ഓര്‍മ്മയില്‍ തളിരിട്ടു നില്‍ക്കുന്നു..


മാന്‍പേടയുടെ ഹൃദയമുള്ള ഒരുവന്റെ  വിലാപം എന്ന്‌ രേഖപ്പെടുത്താനാണ്‌ എനിക്കിഷ്ടം!


ഭ്രാന്തു പോലുള്ള കവിതകള്‍ ചിന്താര്‍ഹങ്ങളാണ്‌..

കാത്‌ ചെമ്പരത്തിപ്പൂവിനോട്‌ ചോദിക്കുന്നു- നീ എന്തിനാണ്‌ എന്നെ ഒറ്റിക്കൊടുത്തത്‌?

ഭ്രാന്തിന്‌ ചെമ്പരത്തിപ്പൂവുമായുള്ള ബന്ധത്തിന്റെ  പശ്ചാത്തലത്തില്‍ ആ കവിത ആലോചനാമൃതമാകുന്നു..


മാന്‍ഹോളിലെ അവസാന വരികള്‍ കവിയുടെ മുന്നറിയിപ്പായിരുന്നോ?

അങ്ങനെ തോന്നിപ്പോകുന്നു…


” പവിത്രമായ പാതകളേ,

പാവനമായ വേഗതകളേ,

കേള്‍ക്കുന്നില്ലേ..

ചെവിയുരിഞ്ഞു വീണതിനൊപ്പം.


ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്‌.. ”


കവിതയുടെ അര്‍ത്ഥത്തില്‍ നിന്ന് മാറിയൊരു വായനയാണിത്‌…


അങ്ങനെയും സാധ്യമാണ്‌…

രണ്‍ജിത്ത്‌ ചെമ്മാടിന്റെ കവിതകള്‍-കാമാതുരതയുടെ സങ്കീര്‍ത്തനങ്ങള്‍.. (ഒന്നാം ഭാഗം)

ഉഷ്ണമേഖലകള്‍ കാമത്തിന്റെ വിളനിലങ്ങളാണ്‌.അവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ രതിവികാരം കൂടുമെന്ന് ശാസ്ത്രം പറയുന്നു.ആ സത്യം ഒരിക്കല്‍കൂടി ചെമ്മാടിന്റെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു!

കാക്കനാടന്റെ ‘ഉഷ്ണമേഖല’ കാമവും പ്രേമവും കൂടികലരുന്ന ഒരു ലോകം നമുക്കു മുന്നില്‍ വരച്ചു കാട്ടുന്നു.അതിലെ മിക്ക കഥാപാത്രങ്ങളും മേല്‍പ്പറഞ്ഞത്‌ ശരിവയ്ക്കുന്നു.

കാവ്യരംഗത്ത്‌ തന്റേതായ വ്യത്യസ്ത ശബ്ദം ഇതിനകം തന്നെ കേള്‍പ്പിക്കാന്‍ ചെമ്മാടിന്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രേമവും കാമവും വിശപ്പും ദാരിദ്ര്യവും തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയും ഒക്കെ ഇവിടെ കവിതയ്ക്ക്‌ വിഷയമായിരിക്കുന്നു.

ചെമ്മാടിന്റെ 6 കവിതകളാണ്‌ ഇവിടെ ലഘു നിരൂപണത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.ഒരു ചുംബനം തരിക,ഒരു മഴയുടെ ബഹു വചനങ്ങള്‍,ചില നെടുവീര്‍പ്പുകള്‍,പേര്‍ഷ്യാപര്‍വ്വം,വേശ്യാബിംബങ്ങള്‍ -എന്നിവയാണവ.

പലപ്പോഴും സരള വ്യാഖ്യാനത്തിന്‌ വഴങ്ങാത്തവ അനവധിയാണ്‌.പക്ഷേ അവ മോഹിപ്പിച്ചുകൊണ്ട്‌,വീണ്ടും വീണ്ടും വായനക്കാരെ പ്രലോഭിപ്പിച്ചുകൊണ്ട്‌ നില്‍ക്കുന്നു.

ഒറ്റയൊറ്റ വരികള്‍ക്ക്‌ അര്‍ത്ഥം പറയുക ചിലപ്പോഴൊക്കെ ദുഷ്കരമാവും.എങ്കിലും സമഗ്രധ്വനി എന്ന ഗുണം അവയെ വിസ്മയകരമാംവിധം അനുഗ്രഹിച്ചിരിക്കുന്നു.

‘അരച്ചുറ്റില്‍ വെയില്‍പ്പൂക്കള്‍ തുന്നി,
വാഴയിലയില്‍ മുലക്കച്ചകെട്ടി,
കാമഭിത്തികെട്ടിയ കടല്‍ത്തീരങ്ങളില്‍
വെയില്‍ തിന്നുന്നവര്‍.
തിരദാഹം കടല്‍ വലിയുമ്പോള്‍
പൊക്കിള്‍ചുഴിയിലവസാനിക്കുന്ന
സ്വര്‍ണ്ണമണലുകളില്‍
വേതനം തിരയിന്ന ഗണികാബിംബങ്ങള്‍

വിനോദതീരങ്ങളീല്‍’-(വേശ്യാബിംബങ്ങള്‍)

-തുടങ്ങിയ വരികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്‌.

(തുടരും)

www.manalkinavu.blogspot.com

ഉരകല്ല് -ബ്ലോഗ് പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുന്നു..(1)ഫസലുദ്ദീന്റെ കവിത-‘ജന്മങ്ങള്‍’-ശുഭാപ്തിവിശ്വാസത്തിന്റെ കരുത്തില്‍

കവിത ദുര്‍ഗ്രഹമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു തെളിനീ‍രുറവപോലെ ഫസലുദ്ദീന്റെ കവിത വരുന്നു.

 

എങ്ങും കൂരിരുട്ടിന്റെ കരിമ്പടമാണ്.അവിടേക്ക് ശുഭാപ്തിവിശ്വാസത്തിന്റെ ഒരു തുള്ളിവെളിച്ചം

 

കവിതയിലെ വിഷയം പുതുമയുള്ളതല്ല.നമ്മു പ്രമുഖരായ കവികള്‍ കൈകാര്യം ചെയ്തിട്ടുള്ള വിഷയമാണ്.

എന്നാലും ഇമേജുകള്‍ ചിലത് പുതുമയുള്ളതായി തോന്നി.

                                          ‘അന്നുമെന്‍ കിരണങ്ങളാല്‍

                                        ശിഖരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന്

                                       നിന്റെ പാദങ്ങളെ ചുംബിച്ച്

                                      പുലരുവോളംനിന്റെ

                                     കരവലയത്തിലമര്‍ന്ന്  ‘ -ശയിക്കുമത്രെ!

ഇത്തിള്‍ക്കണ്ണിയിടെ വേരോട്ടത്തെക്കുറിച്ചും ചിതലിന്റെ പടവാളിനെക്കുറിച്ചുംകിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ചും ഉള്ള കഥകള്‍ കേട്ടു് ഉറങ്ങു.

‘വാടിത്തളര്‍ന്നൊരു കരിയിലയായ’ ഞാന്‍ വീണ്ടും വരും.ചന്ദ്രക്കലയുടെ ആ പ്രസ്ഥാവന ആലോചനാമൃതമാണ്.

പൂര്‍ണ്ണ ചന്ദ്രനായിയുള്ള വരവ് പ്രകൃതി സത്യമാണല്ലോ.

ആര്‍ഷ ഭാരതത്തിന്റെ പുനര്‍ജന്മത്തിലധിഷ്ഠിതമായ വിശ്വാസത്തിന് ഈ കവിത ചാരുത പകരുന്നു.

 കവിതയോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രം വളരെ അനുയോജ്യമായിട്ടുണ്ട്.

വിദൂഷകന്റെ അറിയിപ്പ്-എല്ലാ ബ്ലോഗര്‍മാരും ഫസലുദീന്റെ കവിത വായിക്കേണ്ടതാണ്.

blog-നോട്ടുബുക്ക്

www.fazaludhen.blogspot.com