“ഒരേ കടല്‍“-പ്രണയ സംഘര്‍ഷങ്ങളുടെ ഉള്‍ക്കടല്‍…

(എന്റെ സുഹൃത്തായ ശ്രീ.ഡി.യേശുദാസാണ് ഈ സിനിമാനിരൂപണം തയ്യാറാക്കിയത്.തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനാണദ്ദേഹം.അറിയപ്പെടുന്നതൊരു കവികൂടിയാണ്.)


ശില്‍പഭദ്രമായൊരു ചലച്ചിത്രകാവ്യമാണ്‌ ‘ഒരേ കടല്‍’.സുഘടിതത്വവും ഏകാഗ്രതയും ഈ സിനിമയുടെ ആവര്‍ത്തിച്ചുള്ള കാഴ്ച്യയ്ക്ക്‌ മിഴിവേകുന്നു.
സിനിമ സംവിധായകന്റെ കലയാണെന്ന ധാരണയ്ക്‌ ഒരു തെളിവുകൂടി എന്നുപറയാം.

സ്ഥലകാലങ്ങളും ഭാവഹാവാദികളും ചലനങ്ങളും അര്‍ത്ഥപൂര്‍ണ്ണമായി നിര്‍ണ്ണയിക്കപ്പെടുകയും വേണ്ട രീതിയില്‍ ആവിഷ്കൃതമാകുകയും ചെയ്തിരിക്കുന്നു.അനാവശ്യമെന്നുപറയാവുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ഈ സിനിമയില്‍ കാണാനാവില്ല. ഈ ചലച്ചിത്രത്തിന്റെ സമഗ്രഘടനയ്ക്ക്‌ ചാരുതയേകുന്ന ഘടകമായാണ്‌ ഓരോ അംശവും പ്രവര്‍ത്തിക്കുന്നത്‌.തിരക്കഥാ രചന മുതല്‍ ചലച്ചിത്രത്തിന്റെ എല്ലാ ഘട്ടത്തിലും ഉണ്ടായ ആഴമേറിയ ശ്രദ്ധയുടെ ഫലമാണ്‌ ജീവിതത്തിന്റെ ഉള്ളറകളെ തുറന്നു കാട്ടുന്ന ഈ അഭ്രകാവ്യം!

ശ്യാമപ്രസാദിന്റെ മിക്ക സിനിമയും ഇതര ഗ്രന്ഥകാരന്മാരെ ആശ്രയിച്ചിട്ടുള്ളതാണ്‌.എന്നാല്‍ ഇദ്ദേഹത്തിന്‌ പറയാന്‍ ചില സവിശേഷ കാര്യങ്ങള്‍ ഉണ്ട്‌.’ഒരേ കടല്‍’ ശ്യാമപ്രസാദിന്റെ ഏറ്റവും മികച്ച ചലച്ചിത്രമാണ്‌
.

‘ഹീരക്‌ ദീപ്തി’ എന്ന ബംഗാളി നോവലിന്റെ ആവിഷ്കാരമായതിനാല്‍ കേരളീയതയ്ക്ക്‌ അന്യമായ പശ്ചാത്തലമാണുള്ളത്‌.എന്നാല്‍ സാര്‍വ്വലൗകികവും സാര്‍വ്വകാലികവും എന്നു പറയാവുന്ന ഒരു ജീവിത കഥയാണ്‌ ഒരേ കടല്‍.സിനിമയുടെ തുടക്കം മുതലേ ഉള്ളില്‍ അലയടിക്കുന്ന ഒരു കടല്‍ നാമറിയുന്നു.

മലയാളികളുടെ മറ്റൊരു നഗരത്തിലെ അനുഭവമായാണ്‌ ചലച്ചിത്രം സഞ്ചരിക്കുന്നത്‌.നഗരം നല്‍കുന്ന യാന്ത്രികവീക്ഷണം സാമ്പത്തിക ശാസ്ത്രജ്ഞനായ നായകനെ ഭരിക്കുന്നുണ്ട്‌.ഒന്നിനോടും ഒരു വിധത്തിലും സ്നേഹമോ കടപ്പാടോ കരുതേണ്ടതില്ലായെന്ന് അയാള്‍ ചിന്തിക്കുന്നു.നൈമിഷികമായ തോന്ന്യാസങ്ങളില്‍ തെന്നിത്തെന്നിപ്പോകുന്നതും ഉത്തരവാദത്ത ഹീനവുമായ ഒരവസ്ഥയോടാണ്‌ അയാള്‍ക്ക്‌ ആസക്തി.അയാള്‍ ജീവിതത്തിന്റെ പച്ചമണ്ണിലേക്ക്‌,പ്രണയത്തിന്റെയും രതിയുടെയും യാഥാര്‍ത്ഥ്യത്തിലേക്ക്‌ വശീകരിക്കപ്പെടുന്നു.സ്നേഹത്തിന്റെ ഭ്രാന്തമായ കടല്‍ച്ചുഴികളികളില്‍ അയാള്‍ അകപ്പെട്ടുപോകുന്നു.താനാര്‌ എന്ന ഊതിവീര്‍പ്പിക്കപ്പെട്ട കാപട്യത്തെ അയാള്‍ മുഖാമുഖം കാണുന്നു.

ഗ്രാമീണമായ ഏകാന്തതയുടെ ചാരുതയാണ്‌ നായികയ്ക്കുള്ളത്‌.(അവളുടെ കുട്ടിക്കാലം അനാവൃതമാക്കാനുപയോഗിച്ച ഗ്രാമചിത്രം അതീവ സുന്ദരം)പ്രണയത്തിന്റെ ‘ഒരേ കടല്‍’ ഗൃഹസ്ഥയായ നായികയേയും സേച്ഛാചരിയായ നായകനേയും ആവേശിക്കുന്നു.ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌,മക്കളേയും കൂട്ടി,നായകന്റെ ഫ്ലാറ്റിലേക്ക്‌,പ്രണയത്തിന്റെ മറ്റൊരു ജീവിതത്തിലേക്ക്‌ കയറിപ്പോകുന്നത്‌ വ്യവസ്ഥാപിത ജീവിതത്തിനു നേരെ നിരവധി ചോദ്യങ്ങള്‍ വിക്ഷേപിച്ചുകൊണ്ടാണ്‌.എല്ലാ വരട്ടുവാദങ്ങല്‍ക്കുമപ്പുറം ജീവിതം അതിന്റെ തനിസ്വരൂപം കാട്ടി പ്രണയത്തിന്റെ നിഗൂഢതയും നിരാര്‍ദ്രതയും നല്‍കി ചലച്ചിത്രം അവസാനിക്കുന്നു.

യാദൃച്ഛികത ചിലപ്പോള്‍ ചില അര്‍ത്ഥവും രസവും വശ്യതയും ഉല്‍പാദിച്ചുകൊണ്ട്‌ ജീവിതത്തെ തുടര്‍ച്ചയായ ആകസ്മികതകളിലേക്ക്‌ എടുത്തെറിയുന്നത്‌ കാണാം.ഒരു വശം ശോകാന്തമാകുമ്പോള്‍ മറുപുറം ശുഭാന്തമാകുന്നു.പ്രണയത്തിന്‌ പലപ്പോഴും ബോധപൂര്‍വ്വത സാധ്യമല്ല.ബോധപൂര്‍വ്വത വ്യവസ്ഥാപിത ജീവിത രീതിയാണ്‌.പ്ലാന്‍ഡ്‌ ലൈഫ്‌.

നായകന്‍ തന്നെ സ്നേഹിക്കുന്നില്ലെന്നു നായികയ്ക്ക്‌ മനസ്സിലാകുമ്പോള്‍ അവള്‍ മാതൃത്വത്തിന്റെ നിരര്‍ത്ഥകതയിലേക്കും നിപതിച്ചുപോകുന്നു.ഭര്‍ത്താവിന്റെ കുഞ്ഞിനെയെന്നപൊലെ കാമുകന്റെ കുഞ്ഞിനും അവള്‍ ജന്മം നല്‍കിയിട്ടുണ്ട്‌.

നായികയുടെ സ്നേഹസാന്നിധ്യങ്ങള്‍ തനിക്ക്‌ എന്തുമാത്രം അനിവാര്യമാണെന്നു നായകന്‍ അറിയുന്ന സന്ദര്‍ഭം ഈ സിനിമയിലുണ്ട്‌.പിതൃത്വത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും തന്റെ നിലനില്‍പിന്റെ ശക്തിസൗന്ദര്യങ്ങളാണെന്ന് അയാള്‍ അറിയുന്നതോടെ,ഒരു ജൈവ ജീവിതത്തിനായുള്ള അഭിവാഞ്ഛ ഉന്മാദ ജലധിയിലേക്ക്‌ അയാളെ കൂട്ടിക്കൊണ്ടുപോകുന്നു. അയാള്‍ തന്നിലെ പൊള്ളത്തരങ്ങളെ നേര്‍ക്കുനേര്‍ കാണുന്നു.മറ്റൊന്നിനും ശമിപ്പിക്കാനാവാത്ത ദാഹം അയാളെ കീഴ്മേല്‍ മറിക്കുന്നു!

ഭര്‍ത്താവിനെ നായിക കണക്കറ്റുസ്നേഹിക്കുന്നുണ്ട്‌.അവളനുഭവിക്കുന്ന ഉന്മാദം രണ്ടു പുരുഷന്മാര്‍ക്കിടയില്‍പ്പെട്ടു പോയ ഒരുവളുടെ സംഘര്‍ഷത്തിന്റെ ഫലം കൂടിയാണ്‌.രക്ഷിതാവിനും കാമുകനുമിടയിപ്പെട്ടവളുടെ തിരഞ്ഞെടുപ്പ്‌ ഇവിടെയും വന്നു ഭവിക്കുന്നു.ഒരിക്കലും ഇങ്ങനെയൊരു പ്രണയ ജലധിയിലേക്ക്‌ ഒരു നിസ്സഹായയെപ്പോലെ കൈമെയ്‌ മറന്ന് പതിച്ചു പോകരുതേയെന്ന് എന്നവള്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്‌.ഉന്മാദാനന്തരം ഭക്തിമാര്‍ഗ്ഗം കൂടി തിരഞ്ഞെടുക്കുമ്പോഴും പ്രണയത്തിന്റെ ഉന്മാദം അലയടിക്കുന്നുണ്ട്‌.ഒടുവില്‍ നായകന്റെ ഫ്ലാറ്റിലേക്കവള്‍ വരുമ്പോള്‍ കൈയില്‍ മൂര്‍ച്ചയുള്ളൊരു കണ്ണാടിച്ചില്ലു കരുതിയിരുന്നു.അതും കൈയില്‍ വച്ച്‌ അവള്‍ പറഞ്ഞത്‌-‘എനിക്കൊന്നും വേണ്ട..എന്നെ തിരിച്ചയയ്ക്കാതിരുന്നാല്‍ മതി’ എന്നാണ്‌!പ്രണയത്തിന്റെ വിചിത്രമായൊരു ആകസ്മികതയാണിത്‌.രണ്ടു ജന്മദീപുകളെ ചുറ്റിവരുയുന്ന പ്രണയത്തിന്റെ കഠിനകലധിയുടെ ഗാഢാലിംഗനം ചിലപ്പോള്‍ മനുഷ്യരാശിയുടെ സ്വകാര്യ വ്യാമോഹമാണ്‌!

അനന്വയമായ ഒരു ജീവിത ഗാഥയാണ്‌ ശ്യാമപ്രസാദില്‍ നിന്നു ലഭിച്ചിരിക്കുന്ന ‘ഒരേ കടല്‍’.ഒരു പുതിയ ജീവിതാവബോധം ഈ ചലച്ചിത്രം നല്‍കുന്നു.

Advertisements