ജ്യോനവന്റെ കവിത-മുറിവേറ്റ മാന്‍പേടയുടെ നിര്‍ദ്ദയമായ വെളിപ്പെടുത്തലുകള്‍…

ജ്യോനവന്‍ ഓര്‍മ്മയായി…

ഞാന്‍ ആ കവിതകള്‍ ഇപ്പോഴാണ്‌ വായിക്കുന്നത്‌…

വായിച്ചപ്പോള്‍ അവയെക്കുറിച്ച്‌ ചിലത്‌ കുറിക്കണമെന്ന്‌ തോന്നി…

ഇതൊരു സ്നേഹാഞ്ജലിയാണ്‌…..

ഒരു ബ്ളോഗറുടെ തിലോദകം….


പ്രിയ ജ്യോനവന്‍,

താങ്കള്‍ക്ക്‌ മരണമില്ല…

കവിതകളിലൂടെ….

മാന്‍ഹോള്‍’-എന്ന കവിത ഒരു നഗരവാസിയുടെ നൊമ്പരങ്ങളാണ്‌…

ഗ്രാമത്തിന്റെ  നൈര്‍മ്മല്യത്തില്‍ അഭിരമിക്കുന്ന ഒരു ഗ്രാമീണന്റെ  മനസ്സ്‌ നമുക്കിവിടെ കാണാം.


“ഞാനൊരു വഗരവാസിയണ്‌

തെളിച്ചുപറഞ്ഞാല്‍ ഒരഴുക്കുചാല്‌”– കാപട്യം നിറഞ്ഞ നഗരജീവിതത്തോടുള്ള വിരക്തി ഈ വരികളില്‍ തെളിഞ്ഞുകാണാം..


‘നാട്യപ്രധാനം നഗരം,ദരിദ്രം’-തന്നെയാണ്‌.

അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.അത്‌ പ്രായോഗികതയുടെ പ്രശ്നമാണ്‌ ..ജീവിക്കുവാന്‍ നഗരത്തെ ആശ്രയിക്കേണ്ടീരിക്കുന്നു .എങ്കിലും ഗ്രാമഭംഗികള്‍ ഓര്‍മ്മയില്‍ തളിരിട്ടു നില്‍ക്കുന്നു..


മാന്‍പേടയുടെ ഹൃദയമുള്ള ഒരുവന്റെ  വിലാപം എന്ന്‌ രേഖപ്പെടുത്താനാണ്‌ എനിക്കിഷ്ടം!


ഭ്രാന്തു പോലുള്ള കവിതകള്‍ ചിന്താര്‍ഹങ്ങളാണ്‌..

കാത്‌ ചെമ്പരത്തിപ്പൂവിനോട്‌ ചോദിക്കുന്നു- നീ എന്തിനാണ്‌ എന്നെ ഒറ്റിക്കൊടുത്തത്‌?

ഭ്രാന്തിന്‌ ചെമ്പരത്തിപ്പൂവുമായുള്ള ബന്ധത്തിന്റെ  പശ്ചാത്തലത്തില്‍ ആ കവിത ആലോചനാമൃതമാകുന്നു..


മാന്‍ഹോളിലെ അവസാന വരികള്‍ കവിയുടെ മുന്നറിയിപ്പായിരുന്നോ?

അങ്ങനെ തോന്നിപ്പോകുന്നു…


” പവിത്രമായ പാതകളേ,

പാവനമായ വേഗതകളേ,

കേള്‍ക്കുന്നില്ലേ..

ചെവിയുരിഞ്ഞു വീണതിനൊപ്പം.


ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്‌.. ”


കവിതയുടെ അര്‍ത്ഥത്തില്‍ നിന്ന് മാറിയൊരു വായനയാണിത്‌…


അങ്ങനെയും സാധ്യമാണ്‌…

Advertisements

ലോഹിതദാസ് മലയാ‍ള സിനിമയില്‍ ചെയ്തത്….

മികച്ച ഒരു തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസ്..


മലയാള സിനിമയില്‍ ഒരു വേറിട്ട വഴി വെട്ടിത്തെളിച്ച കലാകാരനാണദ്ദേഹം..

ആര്‍ട്ട്-കമേഴ്സിയല്‍ വിഭജനത്തിന്റെ അതിര്‍വരമ്പ്  അദ്ദേഹം മാച്ചുകളഞ്ഞു…


തനിയാവര്‍ത്തനം മുതലുള്ള സൃഷ്ടികള്‍ അതിനുദാഹരണങ്ങളാണ്..

കെട്ടുറപ്പുള്ള തിരക്കഥകള്‍ സമ്മാനിച്ച കലാകാരന്‍…


ഭൂതക്കണ്ണാടി അദ്ദേഹത്തിന്റെ ഏററവും പ്രധാനപ്പെട്ട സൃഷ്ടിയാണ്…കാലാതീതമായി അദ്ദേഹത്തെ നിലനിര്‍ത്താന്‍ പോകുന്നത്  ആ സിനിമയായിരിക്കും എന്ന് ഞാന്‍ കരുതുന്നു..


എം.ടി യ്ക്ക് ശേഷം മണ്ണിന്റെ മണമുള്ള കഥകള്‍ പറഞ്ഞ കഥാകൃത്താണദ്ദേഹം..


എങ്കിലും വ്യക്തിപരമായി പിന്തിരിപ്പന്‍ ആശയങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു..


കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഒരു തിരക്കഥാ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട്  അദ്ദേഹം പറഞ്ഞ വാക്കുകള്‍,  ഞങ്ങള്‍ക്ക്  ഏറെ സങ്കടമുണ്ടാക്കിയിരുന്നു…

മികച്ച തിരക്കഥകള്‍ രചിച്ച്…ആളാണോ ഇത് എന്ന്  അമ്പരന്നുപോയി…


കലാസൃഷ്ടിയുടെ പ്രയോജനത്തെപ്പററി നടന്ന ചര്‍ച്ചയില്‍ , പല ക്യാമ്പംഗങ്ങളുമായി അഭിപ്രായ വ്യത്യാസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു..

ലോഹിയുടെ അഭിപ്രായം തീര്‍ത്തും പിന്തിരിപ്പനായിരുന്നു…


അതിനുശേഷം ഞാനും എന്റെ സുഹൃത്തും ഒരു തീരുമാനമെടുത്തു…


കലാകാരന്മാരെ സൃഷ്ടികളില്‍ക്കൂടി മാത്രം അറിയുക..വ്യക്തിപരമായി അറിയാന്‍ ശ്രമിക്കാതിരിക്കുക..


അതിന്നും തുടരുന്നു…


കലാകാരനായ ലോഹി  വ്യത്യസ്തനായിരുന്നു…

ഇരട്ടവ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് തോന്നുന്നു..


നമുക്ക് പ്രധാനം കലാകാരനാണ്…

മലയാള സിനിമ എന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച ലോഹിതദാസിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു…

മലയാളത്തിന്റെ സൂര്യതേജസ്സിന് പ്രണാമം..

മാധവിക്കുട്ടി ഓര്‍മ്മയായി…

മലയാളത്തിന്റെ പുണ്യം…

ആ ഔന്നത്യം മററാര്‍ക്കും അവകാശപ്പെടാനാവില്ല…

അവരെ കണ്ടില്ലെന്ന് നടിക്കാന്‍ ആദ്യം നാം ശ്രമിച്ചു…

തമസ്കരിക്കാനും ശ്രമം നടന്നു…

എന്നിട്ടും,

ആ പ്രതിഭ അവയെയൊക്കെ അതിജീവിച്ചുകൊണ്ട്  നിലകൊണ്ടു…

മലയാള ഭാഷയുടെ വഴക്കങ്ങള്‍ ശക്തിയോടെ അനുഭവിപ്പിച്ചു..

ആ എഴുത്തില്‍ മലയാളിത്തം തുടിച്ചുനിന്നു…

സ്ത്രീയുടെ ലോകം മറയില്ലതെ കാണിച്ചു..

അതുവരെ കടുംവര്‍ണ്ണങ്ങളിലെ സ്ത്രീരൂപങ്ങളായിരുന്നു നമുക്ക് പരിചയം..

മജ്ജയും മാംസവുമുള്ള സ്ത്രീയെ നാം അവിടെ കണ്ടു…

തന്റേടിയെന്നും ഭ്രാന്തിയെന്നും അവര്‍ അധിക്ഷേപിക്കപ്പെട്ടു..

ചെറിയ ആകാശങ്ങള്‍ മാത്രം പരിചയിച്ച സാഹിത്യ പുംഗവന്മാരായിരുന്നു അതിന് പിന്നില്‍-

അവര്‍ തളര്‍ന്നില്ല…

മഹത്തായ പ്രതിഭകള്‍ അങ്ങനെയാണ് ..

നാം ഇപ്പോള്‍ തിരിച്ചറിയുന്നു…

മലയാളത്തില്‍ മാധവിക്കുട്ടിയോടെപ്പം നിര്‍ത്താന്‍ കഴിയുന്ന എത്രപേരുണ്ട് നമുക്ക്..?

സ്നേഹത്തിന്റെ ഒരു മഹാ തുരുത്താണ്  നമുക്ക് നഷ്ടമായത്..

മൌലികതയുടെ ഒരു ഗിരിശ്യംഗമാണ് നമ്മുടെ നഷ്ടം..

ആയിരത്താണ്ടുകളില്‍ മാത്രം സംഭവിക്കുന്ന മഹാപിറവി…മലയാളത്തിന്റെ മഹാസാഹിത്യകാരിക്ക്  ആദരാഞലികള്‍ അര്‍പ്പിക്കുന്നു…