“അടയാളങ്ങള്‍“-ദാരിദ്ര്യത്തിന്റെ കാല്‌പനിക ഭാവങ്ങള്‍…..

അടയാളങ്ങള്‍-സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തുകയാണ്.

അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.1.മികച്ച ചിത്രം.2.മികച്ച സംവിധായകന്‍.മുതലായ അവാര്‍ഡുകള്‍ ഈ ചിത്രത്തിനായിരുന്നു.

അടയാളങ്ങളെക്കുറിച്ച് ഞാന്‍ മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുന:പ്രസിദ്ധീകരിക്കുകയാണിവിടെ.

ഒരു ശരാശരി പ്രേക്ഷകന്റെ ആസ്വാദനക്കുറിപ്പാണിത്.

പ്രശസ്ത മലയാള സാഹിത്യകാരനായ ശ്രീ.നന്ദനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌.


ഒരു കൊള്ളിമീന്‍ പോലെ മിന്നിയൊടുങ്ങിയ പ്രതിഭയായിരിന്നു നന്ദനാര്‍.


വിശപ്പ്‌,കാമം,യുദ്ധം എന്നിവയാണ്‌ ഈ ചിത്രം ചര്‍ച്ചചെയ്യുന്ന പ്രധാന പ്രശ്നങ്ങള്‍.ഗോപിയെന്ന നായക കഥാപാത്രം നന്ദനാരുടെ പ്രതിരൂപമാണ്‌.


വിശപ്പ്‌ കാല്‌പനികമായി….ദാരിദ്ര്യത്തെ കാല്‌പനികമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ നാം ഉപേക്ഷിച്ച അനുഭവ പരിസരങ്ങള്‍ ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു.


ശരീരമനങ്ങി ജോലി ചെയ്യാന്‍ മടിക്കുന്നയാളാണ്‌ ഗോപി.ബീഡി പായ്ക്കറ്റിലാക്കുക പോലുള്ള ലളിത ജോലികള്‍ തേടിപ്പോകുന്നുണ്ട്‌.എന്നാല്‍ വിവിധ കാരണങ്ങളാല്‍ അവിടെ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.


ടി.വി.സീരിയല്‍ രംഗങ്ങള്‍ പുനര്‍ജനിക്കുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ട്.ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ ബദ്ധപ്പെടുന്നതും മറ്റും ഉദാഹരണം.


സാധാരണ സ്ത്രീകളെ പൊട്ടിക്കരയിപ്പിക്കാവുന്ന വിശപ്പിന്റെ സങ്കടങ്ങള്‍ പെയ്തിറങ്ങുന്ന ധാരാളം രംഗങ്ങളുണ്ട്‌.ആ അര്‍ത്ഥത്തില്‍ കാലം തെറ്റി വന്ന സിനിമയാണിത്‌.

നാടകം തിരശ്ശീലയില്‍….

നാടകം സ്റ്റേജില്‍ നിന്ന് തിരശ്ശിലയിലേക്ക്‌ മാറ്റപ്പെട്ടതാണ്‌ അടയാളങ്ങള്‍.എം.ജി.ശശി എന്ന നാടകകാരന്‍ ഇവിടെ മുന്നിട്ടുനില്‍ക്കുന്നു.സംഭാഷണങ്ങളും ദീപവിതാനങ്ങളും പശ്ചാത്തലവുമൊക്കെ ആ പ്രസ്താവനയെ സാധൂകരിക്കുന്നു.


കാമത്തിന്റെ വിശപ്പ്‌…


ശാരീരികമായ വിശപ്പും ഈ സിനിമയിലെ പ്രധാന ഘടകമാണ്‌.ഗോപി സ്ത്രീയെ അറിയുന്നത്‌,അവളുടെകൂടി നിര്‍ബന്ധപ്രകാരം നാടുവിടാന്‍ തീരുമാനിക്കുന്നത്‌,ഒടുവില്‍ പട്ടാളത്തില്‍ ചേരുന്നത..ഒക്കെ ഇതില്‍ കാണാം.ഗോപിയിലെ പുരുഷനെ ഉണര്‍ത്തി ദിശാബോധം കാട്ടിക്കൊടുക്കുന്നത്‌ ആ സ്ത്രീ കഥാപാത്രമാണ്‌ എന്നു പറയാം.

യുദ്ധം….


യുദ്ധം ഈ ചിത്രത്തിന്‌ പശ്ചാത്തലമായി നിലകൊള്ളുന്നു.അക്കാലത്ത്‌ പട്ടാളത്തില്‍ സ്വമേധയാ ആരും ചേരുമായിരുന്നില്ല.ഗതികേടിനൊടുവിലാണ്‌ ഗോപിയും അതിന്‌ തയ്യാറാകുന്നത്‌.തന്റെ കുടുംബത്തിന്‌ മൂന്നു നേരം ഭക്ഷണം നല്‍കാനാണ്‌ താന്‍ പോകുന്നത്‌ എന്ന് അയാള്‍ പറയുന്നുണ്ട്‌.


പട്ടാള ബാരക്കിന്റെയും മറ്റും ചിത്രീകരണം ബാലിശമായിപ്പോയി എന്ന് പറയേണ്ടീരിക്കുന്നു.

ഗവേഷണത്തിന്റെ കുറവ്‌…


പഴയ ഒരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ എല്ലാ പ്രത്യേകതകളും മനസ്സിലാക്കി ചിത്രീകരിക്കേണ്ടതുണ്ട്‌.ബ്രാഹ്മണരുടെ ജീവിതവും രീതികളും കുറച്ചുകൂടി അടുത്തറിയേണ്ടീരുന്നു.
കുടുമ അന്ന് സാര്‍വത്രികമായിരുന്നു.ഗോപിയുടെ അച്ഛന്‍പോലും കുടുമ ഇല്ലാത്തയാളാണ്‌.

സംവിധാനഭംഗി..


വളരെ കൈയ്യൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു.ചില പുത്തന്‍ രീതികള്‍ അവലംബിച്ചിട്ടുണ്ട്‌.
പുതുമുഖ നടന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്‌.


ആദ്യസംരംഭം എന്ന നിലയില്‍ സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നു.
നന്ദനാരെക്കുറിച്ച്‌ സിനിമയെടുത്തതിനാല്‍ സാഹിത്യപ്രേമികള്‍ക്കും സന്തോഷത്തിന്‌ വകയുണ്ട്‌.

Advertisements