‘കൂട്ട’ത്തില്‍ നിന്ന് എന്നെ ‘ബാന്‍’ ചെയ്തിരിക്കുന്നുവത്രെ!അത് നന്നായെന്ന് ഞാന്‍ കരുതുന്നു..

കൊട്ടിഘോഷിച്ച് തുടങ്ങിയ ‘(അലവലാതി)’കൂട്ടം’ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്.

ഏററവും വലിയ മലയാളി കൂട്ടായ്മയെന്നാണ്  പരസ്യം..നല്ല മലയളികള്‍ക്കൊന്നും അവിടെ തുടരാന്‍ കഴിയില്ല..

അംഗങ്ങളുടെ എണ്ണം കണ്ട് ആദ്യം ആരും അമ്പരന്നുപോകും..അതിന്റെ പിന്നാമ്പുറം രസകരമാണ്.

ഒരാള്‍ തന്നെ പലപേരില്‍ ചേര്‍ന്നിരിക്കുന്നു! ലോകത്തിലെ സകല പക്ഷി-മൃഗാദികളും അവിടെ അംഗങ്ങളാണ്!

മനുഷ്യരുടെ എണ്ണം തുലോം കുറവാണ്.


ഗൗരവമായി പോസ്റ്റുകളിടുന്ന ആരെയും കണ്ടെത്താന്‍ കഴിയില്ല..കൊറേ വളിപ്പന്മാരുണ്ട് ,അവരാണ് അവിടത്തെ താരങ്ങള്‍..


ആരെങ്കിലും ഒരു പോസ്റ്റിട്ടാല്‍ ഓടി വന്ന് ‘തെറി’ വിളിക്കുകയാണ് ആ വഷളന്മാരുടെ പണി..

തെറിവിളിക്കാന്‍ മാത്രം കാക്കയുടേയൊ പൂച്ചയുടേയോ പേരില്‍ അംഗങ്ങളായവരുണ്ട്!


മാനംമര്യാദയുള്ളവര്‍ക്ക് അവിടെ തുടരാനാവില്ല.’കേരള ഫാര്‍മറെ’പോലുള്ളവര്‍ അവിടം ഉപേക്ഷിച്ചതിനും കാരണം മറ്റൊന്നല്ല എന്ന് കരുതുന്നു..


ആ ബോറന്മാരൊക്കെ യോഗ്യന്മാരാണത്രെ..

ഒരു വിധം മാന്യമായി ബ്ലോഗിംങ്ങ് നടത്തുന്ന ഞാന്‍ കുഴപ്പക്കാരനാണത്രെ!


ആദ്യകാലത്ത് വിദൂഷകന്റെ ബ്ലോഗില്‍ വരുന്ന പോസ്റ്റൊക്കെ ഞാന്‍ ‘കൂട്ട’ത്തില്‍ ഇട്ടിരുന്നു..അങ്കിളിനെപ്പോലുള്ളവര്‍ അവിടെ വന്ന് കമന്റിയിട്ടുള്ളതായാണോര്‍മ്മ.

പിന്നിട് മോശം കമന്റുകള്‍ വരാന്‍ തുടങ്ങി..വള്‍ഗര്‍ ചിത്രങ്ങള്‍ വരെ അയച്ചുതുടങ്ങി..

അവിടംമുതല്‍ ഞാന്‍ പിന്നോട്ടുവലിയാന്‍ തുടങ്ങി..

എന്നാലും മുഴുവനായി പിന്‍വാങ്ങിയിരുന്നില്ല..


അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ‘കൂട്ട’ത്തില്‍ ലോഗിന്‍ ചെയ്യവേ,താഴെക്കാണുംവിധം ഒരു വിന്റോ വരുന്നു..


You have been banned from koottam

Sorry, vidushakan, you can not access koottam as you have been banned. If you think you’ve been banned in error, you can contact the administrator.

Message to the Administrator


എനിക്കൊന്നും മനസ്സിലായില്ല..

ഞാന്‍ പ്രതികരിക്കാനൊന്നും പോയില്ല…

പോയി പണിനോക്കട്ടെ എന്ന് ഞാന്‍-

പിന്നീട്,

ബാന്‍ ചെയ്തതിന്റെ കാരണമറിയാന്‍ ഒരു മെയില്‍ അയച്ചു നോക്കി.(വെറുതെ അറിയാന്‍മാത്രം)

അതിനിതുവരെ മറുപടിയില്ല..


എന്തുവന്നാലും ഇനിയൊരിക്കലും അവിടേക്കില്ല;വിളിച്ചാലും…


വിദൂഷകവചനം-ഒരു നെറ്റ്വര്‍ക്ക് എങ്ങനെയൊക്കെ  നശിക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് കൂട്ടത്തിന്റെ പതനം!


Advertisements

ഇലക്ഷന്‍ കമ്മീഷന്‍ വിദ്യാഭ്യാസരംഗത്ത് ചെയ്യുന്ന പാതകങ്ങള്‍..

ഇലക്ഷന്‍ വരുന്നു..

സര്‍ക്കാര്‍ ജിവനക്കാര്‍ ഇലക്ഷന്‍ ജോലികളില്‍ ഭാഗഭാക്കാകേണ്ടതുണ്ട്.

അത് ജനാധിപത്യത്തിലെ പ്രധാന കടമയാണ്.സംശയമില്ല.

വോട്ടര്‍പട്ടിക പുതുക്കല്‍ മുതലായ പ്രധാന ജോലികള്‍ നിര്‍വഹിക്കുന്നത് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ്..

അതവര്‍ സത്യസന്ധമായി ചെയ്യുന്നുമുണ്ട്..

ഇപ്പോള്‍ പരീക്ഷാക്കാലമാണ്.ഈ അവസരത്തില്‍ അധ്യാപകരെ ഒഴിവാക്കേണ്ടതായിരുന്നു.

ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതില്‍ തെറ്റില്ല..

എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അങ്ങനെയല്ല..

എസ്.എസ്.എല്‍.സി,+2 മുതലായ തലത്തിലെ അധ്യാപകരെ വ്യാപകമായി ഡ്യൂട്ടിയ്ക്കിട്ടിരിക്കുന്നു!

ഫെബ്രുവരി 28,മാര്‍ച്ച് 1 തീയതികളീല്‍ BLO(ബൂത്ത് ലെവല്‍ ആഫീസര്‍)മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്.

+2 തലത്തെ താളം തെറ്റുന്നു

ഇപ്പോഴത്തെ ഡ്യൂട്ടി ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് +2 തലത്തെയാണ്.

പ്രാക്ടിക്കല്‍ പരീക്ഷ(പബ്ളിക്) നടക്കുന്ന സമയമാണ്.ഫെബ്രു.24 മുതല്‍ മാര്‍ച്ച് 7 വരെയാണ് പ്രാക്ടിക്കല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ എക്സ്റ്റേണല്‍ ഡ്യൂട്ടിയ്ക്ക് സ്വന്തം സ്കൂളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമയമാണിപ്പോള്‍..

അപ്പോഴാണ് ഇലക്ഷന്‍ ഡ്യൂട്ടിയുടെ വരവ്..

ഫെബ്രുവരി 28 ന്  മിക്കവര്‍ക്കും പ്രാക്ടിക്കല്‍ ഡ്യൂട്ടിയുണ്ട് . അത് ഒഴിവാക്കി ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം..

ഒരു ദിവസത്തെ ഷെഡ്യൂള്‍ തെറ്റിയാല്‍ എല്ലാം തകിടം മറിയും..

അതൊന്നും റവന്യൂ അധികാരികള്‍ക്ക് അറിയേണ്ടത്രെ..

ഇലക്ഷന്‍ ഡ്യൂട്ടുയ്ക്ക് ഹാജരായിരിക്കണം..അല്ലെങ്കില്‍ -ചെത്തിക്കളയും എന്നാണ് ഭീഷണി!

എന്തുചെയ്യും?

ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റില്‍ ഇക്കാര്യം അറിയിച്ചാല്‍ ‘ഞങ്ങള്‍ ഈ നാട്ടുകാരേയല്ല’ എന്നാണ് മറുപടി.പക്ഷെ പ്രക്ടിക്കല്‍ കൃത്യമായി നടക്കണം!

ഇതിലും കഷ്ടമാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുകളുടെ സ്ഥിതി!

കേരളത്തിലെ 80% സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളീലും പ്രിന്‍സിപ്പാളുമാരില്ല,ചാര്‍ജുകാരേയുള്ളൂ.

മിക്ക സ്കൂളുകളിലും നാലോ അഞ്ചോ വര്‍ഷ സര്‍വ്വീസുള്ളവരാണ്  ‘ഇന്‍ ചാര്‍ജുകള്‍’.വേണ്ടത്ര മുന്‍ പരിചയമില്ലാത്തവര്‍.

മാര്‍ച്ചിലെ പരീക്ഷയുടെ ചീഫ് സൂപ്രണ്ടുമാരാണവര്‍.(ഇപ്പോള്‍ മുതല്‍ +1 നും പബ്ളിക് പരീക്ഷയാണ്)

അവര്‍ക്ക്  പരീക്ഷയെ സംബന്ധിച്ചുള്ള കോണ്‍ഫറന്‍സ്  സംഘടിപ്പിച്ചിരിക്കുന്നത് ഫെബ്രുവരി 28 നാണ്!മിക്ക ഇന്‍ ചാര്‍ജുകാര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടിയുണ്ട്!

എന്തോ ചെയ്യും?

പരീക്ഷ താളം തെറ്റുന്നതിനെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല.പരീക്ഷയില്‍ എന്തെങ്കിലും പാകപ്പിഴ വന്നാല്‍ തലയെടുത്തുകളയുമെന്നാണ് ഭീഷണി!

പക്ഷെ സാര്‍ ട്രെയിനിംഗൊന്നും കിട്ടാതെ…

അതൊന്നും ഞങ്ങള്‍ക്കറിയേണ്ട.

എന്തു സമത്വ സുന്ദര ലോകം..ഒന്നായ നിന്നെയിഹ…

വിദൂഷകന്റെ പ്രാര്‍ത്ഥന

ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല.ഇഅവരോട് പൊറുക്കേണമേ…


വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ലോട്ടറിയടിച്ചു -ന്യൂനപക്ഷ പദവി കൈയെത്തും ദൂരത്ത്…

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നൊരു കമ്മീഷനുണ്ട്..

സംഗതി ആരോ നല്ല ലക്ഷ്യം വച്ച് തുടങ്ങിയതാണ്..

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ന്യൂനപക്ഷ പദവി നല്‍കുകയാണ് പ്രധാന പണി.


ഇതിനകം നൂറുകണക്കിന്  സ്ഥാപനങ്ങള്‍ക്ക് ആ പദവി നല്‍കുകയുണ്ടായി.


നല്ല കാര്യം..


ഇപ്പോഴത്തെ ആശങ്ക അതല്ല.ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോയോ എന്നൊരു സംശയം.


ന്യൂനപക്ഷ സ്ഥാപനം എന്ന പേരില്‍ ആര്‍ക്കും വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാം..ആ പദവി കിട്ടിയാല്‍ സംസഥാന ഗവണ്മെന്റുകളെ വകവയ്ക്കേണ്ടതില്ല!

ഇഷ്ടമുള്ള ഫീസ് പിരിക്കാം,ഡൊണേഷന്‍ വാങ്ങാം..ചുരുക്കത്തില്‍ എന്തും ആവാം.

സംസ്ഥാന ഗവണ്മെന്റ് നോക്കുകുത്തിയായിരിക്കുക!


എങ്ങനെയുണ്ട്  സംഗതികള്‍?


കേരളത്തില്‍ നിന്ന് നൂറുകണക്കിന് സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവിക്ക് അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്..

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുമാത്രമേ പദവി നല്‍കാവൂ എന്നായിരുന്നു വ്യവസ്ഥ.

അതിപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നു!

ഇടതുപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ആ ഭേദഗതി ബില്‍ ലോകസഭ പാസ്സാക്കിയിരിക്കുന്നു..


വിദ്യാഭ്യാസ കച്ചവടക്കാര്‍ ആനന്ദ നിര്‍വൃതിയിലാണ്…

ഇനി ആരെ പേടിക്കാന്‍-


ഇതിനെതിരെ ജനാഭിപ്രായം ഉണ്ടാകെണ്ടീരിക്കുന്നു!!


വാല്‍ക്കഷണം- കേരളത്തില്‍ നിന്നുള്ള ഒരു മാന്യ വനിത കേരളത്തിലെ അരമനകളിലും മറ്റും കയറിയിറങ്ങി നടക്കുന്നാണ്ടായിരുന്നു.’മാര്‍ പവ്വത്തിലിന് പഠിക്കുന്ന’ ആ സ്ത്രീയൊക്കെയാണ് ഇവിടെ പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യാന്‍ പോകുന്നത്.

അമ്പമ്പോ.. ആലോചിക്കുമ്പോ പേടിയാകുന്നു..


വിദൂഷകവചനം-ഇങ്ങനെപോയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ ന്യൂനപക്ഷപദവിയില്ലാത്ത ഒരു സ്ഥാപനവും കേരളത്തില്‍ ഉണ്ടാവില്ല..നമ്മുടെ പുരോഗനമേ…

ഇന്‍ഡ്യന്‍ സിനിമയെ പിന്നോട്ടടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബി..

വീണ്ടും നമുക്ക് ഓസ്ക്കാര്‍…

സത്യജിത്റായിയ്ക്ക് ലഭിച്ച അതുല്യ പുരസ്കാരം ..

പക്ഷെ ആ പുരസ്കാരത്തിന് ഇപ്പോള്‍ പഴയ മാറ്റുണ്ടോ?

അവാര്‍ഡുകള്‍ എന്നും വിവാദങ്ങള്‍ കൊണ്ടുവരുന്നു..ഒരവാര്‍ഡും അതില്‍ നിന്ന് മുക്തമല്ല.

നമ്മുടെ ദാരിദ്ര്യവും ഇരുണ്ടവശങ്ങളും മാത്രം എന്തുകൊണ്ട് അവാര്‍ഡ് നേടുന്നു?

‘അപുത്രയ’ത്തെ നമുക്ക് മാറ്റി നിര്‍ത്താം.

-സ്ല്ം  ഡോഗ് മില്യണയര്‍ തന്നെ നോക്കുക..

അത് അത്ര മികച്ച സിനിമയാണോ?

ഒരു ശരാശരി ചിത്രത്തിനപ്പുറം പോകാന്‍ അതിന് കഴിഞ്ഞിട്ടുണ്ടോ?

ഇല്ലെന്നാണ് തോന്നുന്നത്.

ഇന്ത്യയില്‍ നല്ല സിനിമകള്‍ ധാരാളമായി വരുന്നത്  ബംഗാള്‍,മലയാളം ,കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് തോന്നുന്നു.

തമിഴില്‍ ചില നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ.

ലോകപ്രശസ്തരായ അടൂരിന്റേയോ,അരവിന്ദന്റെയോ ചിത്രങ്ങള്‍ എന്തുകൊണ്ട് ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നില്ല..

അവര്‍ മഹാന്മാരായ ചലച്ചിത്രകാരന്മാരാണെന്ന് ലോകം അംഗീകരിച്ചിട്ടുണ്ട്.

എന്നിട്ടും-

ഉത്തരേന്ത്യന്‍ ലോബിയുടെ ശക്തിയാണ് അവരെ പിന്നണിയില്‍ നിര്‍ത്തുന്നത്!

‘ഒരേ കടല്‍’പോലൊരു സിനിമ ഹിന്ദിയില്‍ ഉണ്ടാകുമോ?

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതു പോലൊരു ചലച്ചിത്രമേള ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും നടത്താന്‍ കഴിയുമോ?

ധാരാളം നല്ല ചലച്ചിത്രകാരന്മാര്‍ നമുക്കുണ്ട്.പക്ഷെ അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാന്‍ നമുക്കാവുന്നില്ല.

ഉത്തരേന്ത്യന്‍ ലോബിയെ ഫലപ്രദമായി ചെറുക്കാന്‍ നമുക്കാവണം.

നമ്മുടെ ആളുകളുടെ അനൈക്യവും ഒരു പ്രശ്നമാണ്.സഹിഷ്ണുതയും വിശാലവീക്ഷണവും ഇല്ലാത്ത സിനിമാക്കാര്‍ ധാരാളമായി നമുക്കിടയിലുണ്ട്..

പരസ്പരംപാര-എന്നതാണ് ഒരു രീതി..

അതില്ലാതാകണം..

നല്ലതിനൊപ്പം ശക്തമായി നിലകൊള്ളണം.

സിനിമാസംഘടനകള്‍ക്കും ഇവിടെ ഫലപ്രദമായി ഇടപെടാന്‍ കഴിയും..

ഐഡിയ സ്റ്റാര്‍ സിംഗറിലെ ‘അധികപ്പറ്റുകള്‍’….

ലയാളികളെ ഏറെ ആകര്‍ഷിച്ച ലൈവ് ഷോകളില്‍ ഒന്നാണ് ‘ഐഡിയാ സ്റ്റാര്‍ സിംഗര്‍’ ..

ലൈവ് ഷോകളിലെ എല്ലാ തരികിടകളും ഇതിലുണ്ട്-

ഞാന്‍ അതൊക്കെ എതിര്‍ക്കുന്ന ആളുമാണ്…

എങ്കിലും സംഗീത പരിപാടിയായതുകൊണ്ട്,അതില്‍ താല്പര്യമുള്ളതു കൊണ്ട് ചിലപ്പോഴക്കെ കാണാന്‍ ശ്രമിക്കുന്നുണ്ട്.

നല്ല ഭാവിയുള്ള ടാലന്റുള്ള ധാരാളം ചെറുപ്പക്കാര്‍..

എന്നാല്‍ ഇതിനോട് ചിലകാര്യങ്ങളില്‍ എതിര്‍പ്പുണ്ട്..

പ്രധാനകാര്യം ജഡ്ജ്മെന്റ് തന്നെ. പ്രഗത്ഭരായ ആളുകളാണ് വിലയിരുത്തല്‍ നടത്തുന്നത്.സമ്മതിച്ചു.

പക്ഷെ sms അത് എനിക്കങ്ങോട്ട് ദഹിക്കുന്നില്ല.ജഡ്ജസ് കൂടുതല്‍ മാര്‍ക്ക് നല്‍കിയ ആള്‍ ചിലപ്പോള്‍ പിന്നിലായിപ്പോകുന്നു

sms കുറവായതുകൊണ്ടത്രെ!

പിന്നെ ഈ പ്രഗത്ഭന്മാര്‍ക്കിവിടെ എന്തുകാര്യം?

sms ന്റെ പിന്നാമ്പുറ കഥകളൊക്കെ പലപ്പോഴായി പുറത്തു വന്നിട്ടുണ്ടല്ലോ..

ഇപ്പോള്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്ന പ്രശ്നം അതല്ല.

ഈ പരിപാടിയില്‍ ‘ഗസ്റ്റാ’യി വരുന്ന ആളുകളെ കുറിച്ചാണ്..

അവരുടെ റോളിനെക്കുറിച്ച് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

പലപ്പോഴും ‘ഗസ്റ്റു’കള്‍ സംഗീതവുമായി പുലബന്ധം ഇല്ലാത്തവരാണ്.

അവരുടെ ‘അളിഞ്ഞ്’ കമന്റുകള്‍ ഈ പരിപാടിയുടെ മാറ്റ് കുറയ്ക്കുന്നു..

കഴിഞ്ഞ ദിവസങ്ങളില്‍ ‘ഗസ്റ്റ്’ സലിംകുമാറായിരുന്നു.അദ്ദേഹം പ്രഗത്ഭനായ നടനായിരിക്കാം.

പക്ഷെ ഇവിടെ…..

മത്സരാര്‍ത്ഥികള്‍ ക്ലസ്സിക്  ഗാനങ്ങളും മറ്റും അവതരിപ്പിച്ചപ്പോള്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടു..

പറ്റാത്ത കാര്യങ്ങള്‍ സലിംകുമാര്‍ ഏല്‍ക്കരുത്..

അധികാരികളും ഉചിതജ്ഞത കാണിക്കണം..

പല കുട്ടികളോടും തീരെ തരംതാണ ഡയലോഗുകള്‍ പറയുന്നത് കേട്ടു..കാണികളെ നിര്‍ബന്ധിച്ച് ചിരിപ്പിക്കുന്നതും കണ്ടു.

ഇത്തരത്തില്‍ സംഗീതം ‘അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ ‘എന്ന് നിശ്ചയമില്ലാത്തവരെ കെട്ടി എഴുന്നള്ളിക്കേണ്ടതുണ്ടോ?

വേണം അത്തരത്തിലൊരു വെബ്സൈറ്റ്-അതില്‍ സഹകരിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?

പ്രിയപ്പെട്ട ബൂലോകനിവാസികളെ,

കഴിഞ്ഞ എന്റെ പോസ്റ്റിന് ലഭിച്ച ഒരു പ്രതികരണം നിങ്ങളുടെ പരിഗണനയ്ക്ക് വിടുന്നു..

പോസ്റ്റ്-നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് -(മുഖ്യമന്ത്രി അറിയാന്‍‌)

(ആ  പോസ്റ്റ് വായിച്ചതിനുശേഷം ഇത് വായിക്കാനപേക്ഷ)


ആ പോസ്റ്റിന്‍ കിട്ടിയ ഒരു പ്രതികരണം ഇങ്ങനെയാണ്‍..


ingane ulla karyangal publish cheyyaan oru website venam.. Something like wikileaks.

ഇത് ഒരു നല്ല ആശയമായി എനിക്കും തോന്നുന്നു..

നാടുനന്നാവാന്‍ ഒരു വഴികൂടിയാണിത്..

ബൂലോകത്തിന്റെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ട്.

അത്തരത്തിലൊരു സംരംഭം ഏറ്റെടുക്കാന്‍ ചങ്കൂറ്റമുള്ളവര്‍ ആരുണ്ട്?

പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെല്ലോ.

ദയവായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..

സ്നേഹത്തോടെ,

വിദൂഷകന്‍‌

നഗ്നമായ നിയമലംഘനം നടത്തുന്ന പാറശ്ശാലയിലെ ഒരു സ്കൂളിനെക്കുറിച്ച് (മുഖ്യമന്ത്രി അറിയാന്‍..)

ചുവപ്പുനാട അവസാനിപ്പിക്കണമെന്നും അഴിമതി നടത്തുന്ന,കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്നലെ മുഖ്യമന്ത്രി .വി.എസ്. പ്രസ്താവിക്കുകയുണ്ടായി..

അഴിമതി നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് വിവരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി..


വളരെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനമാണത്..

അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുമെമ്മൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിട്ടുണ്ട്.


ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്.

ഓരോ പൗരനും തന്റെ അവകാശങ്ങളെയും കടമകളേയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്..


പൊതുജനം എന്നനിലയിന്‍ നമുക്ക് ഇവിടെ ചിലതൊക്കെ ചെയ്യാനില്ലേ?

നിയമം ലംഘിക്കുന്നവരെ…കുറ്റം ചെയ്യുന്നവരെ …കൈക്കൂലി പാപികളെ …തുറന്നുകാട്ടാന്‍ നമുക്കാവില്ലേ? അവ സര്‍ക്കാരിന് സഹായകരമാവില്ലേ?


ആവും എന്ന് ഞാന്‍ വിചാരിക്കുന്നു.


ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അഴിമതി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.


നിയമങ്ങള്‍ക്കതീതമായി ഒരു സ്കൂള്‍..


പാറ്റശ്ശാലയിലെ പ്ര(കു)സിദ്ധമായ ഒരു സ്കൂള്‍ വിദ്യാഭ്യാസ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

അത് ഒരു അണ്‍-എയിഡഡ് സ്കൂളാണ്.

ആ സ്കൂളില്‍ ഹയര്‍ സെക്കന്ററി ഉണ്ട്. മൂന്ന് ബാച്ച് നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപ്പോള്‍ പരമാവധി 180 കുട്ടികള്‍.രണ്ടു വര്‍ഷവും കൂടി 360 കുട്ടികള്‍ മാത്രം.


എന്നാല്‍ ഇപ്പോള്‍ അവിടെ HSS ല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ആയിരത്തിനുമേലെയാണ്.സര്‍ക്കാര്‍ അനുവാദം നല്‍കാത്ത സബ്ജറ്റ് കോംബിനേഷനും അവിടെയുണ്ടത്രെ.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചാണ്  കുട്ടികളെ ആകര്‍ഷിക്കുന്നത്..

ഇക്കര്യം HSS അധികാരികള്‍ക്ക് നന്നായി അറിയാം.ചില മീറ്റിങ്ങുകളില്‍ അവരില്‍ ചിലര്‍ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടത്രെ.ഉടന്‍ നടപടി എടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും ഉണ്ടായില്ല.


എന്താണ് അതിന് കാരണം?

ഒരു വന്‍ ലോബി ഇതിന് പിന്നിലുണ്ട്..ഇക്കാര്യത്തില്‍ ഒരു സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ  നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു