അപൂര്‍ണ്ണ ശില്പങ്ങള്‍ ‌(നാടകം)

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഒരു നാടകം പ്രസിദ്ധീകരിക്കുകയാണ്.
16 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനെഴുതിയതാണ്.ഇത് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.


അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ vidushakan1@gmail.com എന്ന ഈമെയിലില്‍ അറിയിക്കാന്‍ അപേക്ഷ.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌—————————————————————————–

കഥാപാത്രങ്ങള്‍

മുത്തച്ഛന്‍

ബ്രഹ്മദത്തന്‍

ദേവദത്തന്‍

കാവിവേഷധാരി

പച്ചവേഷധരി

വെള്ളവേഷധാരി

പഥികന്‍


—————————————————————————————-

രംഗം-1

(ഒരു പഴയ ബംഗ്ലാവിന്റെ പൂമുഖമാണ് രംഗം.രംഗത്ത് ഇടതുവശത്തയി ഒരു ചാരുകസേര കാണാം.കസേരയില്‍ വയസ്സനായ ശില്പി(മുത്തച്ചന്‍)ചാഞ്ഞുകിടക്കുന്നു.എന്തോ ആലോചനയിലാണ്.നിമിഷം.ബ്രഹ്മദത്തന്‍ അകത്തുനിന്നും വരുന്നു.)

ബ്രഹ്മ:-മുത്തച്ഛാ.. മുത്തച്ഛാ…

ശില്പി:എന്താ കുഞ്ഞേ..

ബ്രഹ്മ:മുത്തച്ഛന്‍ എന്തോ വല്യ ആലോചനയിലാണെന്ന് തോന്നുന്നു?

ശില്പി:ങ്ങ്ഹാ..ഇനി ചിലപ്പോ ആലോചനകള്‍ക്കൊന്നും സമയം കിട്ടിയില്ലെങ്കിലോ..ജീവിതമല്ലേ,അതിനൊരു പളുങ്കുപാത്രത്തിന്റെ വിലയേയുള്ളൂ.എപ്പോള്‍ വേണമെങ്കിലും നിലത്തുവീണ് പൊട്ടിത്തകരാവുന്നതാണ്.

ബ്രഹ്മ:ഓ തത്വശാസ്ത്രം?

ശില്പി:-ജീവിതത്തിന്റെ സായാഹ്നമാകുമ്പോള്‍ എല്ലാവരും വല്യ തത്വചിന്തകന്മാരായിത്തീരും.

ബ്രഹ്മ:ആന്തരാര്‍ത്ഥങ്ങളുടെ ആഡംബരങ്ങള്‍കൊണ്ട് മരണത്തെ ജയിക്കമെന്ന വ്യാമോഹം..

ശില്പി:നിന്റെ വ്യാഖ്യാനം നന്നായി.ങ്ങ്ഹാ..പിന്നെ നിന്റെ ശില്പത്തിന്റെ പണി ഏതുവരെയായി?

ബ്രഹ്മ:പുരോഗമിക്കുന്നു.പക്ഷെ മുത്തച്ഛാ…

ശില്പി:പൂര്‍ണ്ണതയിലെത്തുമെന്ന വിശ്വാസം നിനക്കില്ല എന്നല്ലേ പറയാന്‍ വന്നത്?

ബ്രഹ്മ:-അതെ മുത്തച്ഛാ..

ശില്പി:പക്വതയുള്ള ഒരു മനസ്സിന് മാത്രമേ പൂര്‍ണ്ണതയുള്ള ഒരു കലാസൃഷ്ടിക്ക് രൂപം നല്‍കാനാവൂ.

ബ്രഹ്മ:അതിന് ഞാനെന്താണ് വേണ്ടത് മുത്തച്ഛാ..

ശില്പി:ഒറ്റവാക്കിലുള്ള ഒരു പരിഹാരം ഈ മുത്തച്ഛന്റെ കയ്യിലിലുണ്ണീ..കാത്തിരിക്കുക,കാലം നിന്നെ പൂര്‍ണ്ണനാക്കും.

ബ്രഹ്മ:-അതുവരെ എന്റെ ശില്പം അപൂര്‍ണ്ണാവസ്ഥയില്‍ തുടരണമെന്നോ..

ശില്പി:അതെ.ശില്പിക്ക് ഒരു തപസ്യയാണ്,ഒരു കലാസൃഷ്ടിക്ക് രൂപം നല്‍കുക എന്നത്.ചിലപ്പോള്‍ അതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേയ്ക്കാം..എങ്കിലും നമ്മള്‍ ക്ഷമയോടെ കാത്തിരുന്നേ പറ്റൂ..

ബ്രഹ്മ:മുത്തച്ഛന്‍ കണ്ടോ എന്റെ ആ അപൂര്‍ണ്ണ ശില്പം?

ശില്പി:ഞാന്‍ കണ്ടു.എനിക്കത് ഇഷ്ടപ്പെട്ടു.നീ അത് സാവധാനം പൂര്‍ത്തിയാക്കുക.ഭാരതാംബയുടെ ചൈതന്യത്തെയല്ലേ അതിലാവാഹിക്കാന്‍ നീ ശ്രമിച്ചിരിക്കുന്നത്.

ബ്രഹ്മ:അതെ,ഭാരതാംബയുടെ പുതിയൊരു ശില്പം,അതാണെന്റെ സ്വപ്നം.പക്ഷെ മുത്തച്ഛാ..ആ ശില്പത്തിന്റെ മുഖത്തെ ദൈന്യത..ആ പേടിച്ചരണ്ട മിഴികള്‍.. ദാഹംകൊണ്ട് വിടര്‍ന്ന ആ ചുണ്ടുകള്‍..ഈ രൂപം ഒരിക്കലും എന്റെ മനസ്സിലുണ്ടായിരുന്നില്ല.പക്ഷെ എങ്ങിനെയോ…ഞാന്‍ കുറേ നാളായി അവ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു..പുഞ്ചിരി തൂകിനില്‍ക്കുന്ന നിത്യസ്വരൂപിണിയായ ഭാരതാബ-അതാണെന്റെ ലക്ഷ്യം.

ശില്പി:-എത്ര സുന്ദരമായ ലക്ഷ്യം!ഉണ്ണീ..അത്തരത്തിലൊരു ശില്പം നിര്‍മ്മിക്കാന്‍ നിനക്ക് കഴിയും,കഴിയണം.

ബ്രഹ്മ:തീര്‍ച്ചയായും മുത്തച്ഛാ..ആ ശില്പത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിവന്നാല്‍ എന്റെ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്.

ശില്പി:(പെട്ടെന്ന്)ഉണ്ണീ…
‌‌‌‌‌‌‌‌‌‌
ബ്രഹ്മ:അതെ മുത്തച്ഛാ..എന്റെ മനസ്സിപ്പോഴും പറയുന്നു എനിക്കത്തരത്തിലൊരു ശില്പത്തിന് രൂപം നകകാന്‍ കഴിയുമെന്ന്.

ശില്പി:നിന്റെ ആഗ്രഹം സഫലമാകട്ടെ.കുട്ടീ,അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കാം.

ബ്രഹ്മ:മുത്തച്ഛന്റെ അനുഗ്രഹം മാത്രം മതിയെനിക്ക്.

ശില്പി:അതെപ്പോഴും ഉണ്ണിക്കുണ്ടാവും.എനിക്കുശേഷം എന്റെ പാത പിന്‍തുടരാന്‍ എന്നേക്കാള്‍ സമര്‍ത്ഥനായ എന്റെ ഉണ്ണിയുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.
മതി..മതി..എനിക്ക് തൃപ്തിയായി.ഉണ്ണിക്കറിയോ പണ്ടെനിക്കും ഇത്പോലൊരു സ്വപ്നമുണ്ടായിരുന്നു..

ബ്രഹ്മ:മുത്തച്ഛാ..

ശില്പി:അതെ ഉണ്ണി,അന്നദാതാവും കരുണാമയിയുമായ ഭാരതാംബ തന്റെ പ്രിയ പുത്രര്‍ക്ക് അനുഗ്രഹവചസുകള്‍ ചൊരിയുന്ന സുന്ദരരൂപം.പക്ഷെ അതെന്നോ തകര്‍ക്കപ്പെട്ടു.ആ തകര്‍ച്ചയുടെ ആഘാതത്തില്‍നിന്ന് മോചനം നേടാന്‍ ഇന്നുവരെ ഈ മുത്തച്ഛന് കഴിഞ്ഞിട്ടില്ല.
ഞാന്‍ തോറ്റുമടങ്ങിയയിടത്ത് എന്റെ ഉണ്ണി ജയിക്കണം!

(ബ്രഹ്മദത്തന്റെ അനുജന്‍ ഓടിക്കിതച്ചെത്തുന്നു.)

ദേവദത്തന്‍:(പുറത്തുനിന്ന്)മുത്തച്ഛാ..മുത്തച്ഛാ..

ശില്പി:എന്താ..എന്താ…

ദേവ:മുത്തച്ഛനത് മറന്നു..മുത്തച്ഛനത് മറന്നോ?

ശില്പി:-എന്താണ് ദേവാ…

ദേവ:ഇന്നവര്‍ വരും.അതെ ഇന്നവര്‍ വരും..

ബ്രഹ്മ:ദേവാ..നീ ആരുടെ കാര്യമാണിപ്പറയുന്നത്?
(മുത്തച്ഛന് മൗനം)

ദേവ:ഞാന്‍ പറയുന്നതോ,ചേട്ടനുമത് മറന്നു.ആ ശില്പങ്ങള്‍ക്കായി അവരിന്ന് വരും.ശില്പവുമായല്ലാതെ അവര്‍ മടങ്ങില്ല.ഇന്ന് ആഗസ്റ്റ് 15 ആണ്.

ബ്രഹ്മ:ദേവാ…

ദേവ:അതെ ചേട്ടാ..

ശില്പി:-അതെ അവരിന്ന് വരും.

ബ്രഹ്മ:മുത്തച്ഛനാ ശില്പങ്ങള്‍ക്ക് രൂപം കൊടുത്തോ?

ദേവ:ഇല്ല,മുത്തച്ഛനാ പണി തുടങ്ങിയതുപോലുമില്ല.

ശില്പി:-അതെ ഉണ്ണി,ഞാന്‍ ആശില്പങ്ങളുടെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

ദേവ:ഇന്ന് നാം അവരോട് എന്ത് പറയും?

ശില്പി:ഉണ്ണീ..ഞാന്‍ നിസ്സഹായനാണ്.

ദേവ:മുത്തച്ഛന്‍ ഒഴിഞ്ഞുമാറുന്നു.വയ്യങ്കിലെന്തിനേറ്റു?

ശില്പി:അല്ലാതെന്തു ചെയ്യും?നാം ശില്പിമാരല്ലേ?ശില്പങ്ങള്‍ പണിയുക എന്നതല്ലേ നമ്മുടെ കര്‍ത്തവ്യം?

ബ്രഹ്മ:-പിന്നെന്തുകൊണ്ട്…

ശില്പി:ഉണ്ണീ..ആ ശില്പങ്ങള്‍ക്ക് രൂപം നലകാന്‍ കഴിയില്ല.അതെ,ആര്‍ക്കും കഴിയില്ല.

ദേവ:മുത്തച്ഛാ…

ശില്പി:അതെ കുട്ടി,കഴിഞ്ഞ 62 വര്‍ഷങ്ങളായി ഞാനാ ശില്പങ്ങള്‍ക്ക് രൂപം നല്‍കാന്‍ ശ്രമിക്കുന്നു.ഇന്നുവരെ എനിക്കതിന് കഴിഞ്ഞിട്ടില്ല.ഇനിയൊരാള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയും എനിക്കില്ല.

ദേവ:പക്ഷെ മുത്തച്ഛാ..

ശില്പി:നീ ഭയപ്പെടേണ്ട,അവര്‍ വരട്ടെ…അവര്‍ വരട്ടെ…

ദേവ:-കഴിഞ്ഞ ആഗസ്റ്റ് 15 നും അവര്‍ വന്നു.അവരുടെ ശില്പങ്ങള്‍ കാണാഞ്ഞ് അവര്‍ മുത്തച്ഛനുനേരെ കത്തിയോങ്ങി..

ബ്രഹ്മ:എന്ത്…

ദേവ:അതെ ചേട്ടാ..പിന്നെ,ഞാനൊരുവിധം അവരെ പറഞ്ഞയയ്ക്കുകയായിരുന്നു.ഇന്ന് അവര്‍ അങ്ങനെ മടങ്ങില്ല.

ബ്രഹ്മ:ആര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയാത്ത ആ ശില്പങ്ങള്‍ക്ക് രൂപം നല്‍കാമെന്ന് മുത്തച്ഛനെന്തിന് സമ്മതിച്ചു?

ദേവ:മുത്തച്ഛന്‍ സ്വമനസ്സാലെ സമ്മതിച്ചതല്ല.അവര്‍ മുത്തച്ഛനെക്കൊണ്ട് സമ്മതിച്ചതാണത്രെ..

ശില്പി:അതെ ഉണ്ണി..ഞാന്‍ ഞാന്‍..

(ബ്രഹ്മദത്തന്‍ മുത്തച്ഛനെ അകത്തേക്ക്കൊണ്ടുപോകുന്നു.നിമിഷം.പഥികന്‍ പ്രവേശിക്കുന്നു.അയാള്‍ ആകെ പരവശനാണ്)

ദേവ:നിങ്ങളാരാണ്?

പഥി:(മൗനം)

ദേവ:-നിങ്ങള്‍ക്കെന്താണ് വേണ്ടത്?

പഥി:-(കിതപ്പോടെ)എനിക്ക്..എനിക്ക്..കുറച്ച് വെള്ളം വേണം.

(ദേവദത്തന്‍ അകത്തേക്ക് പോകുന്നു.ഈ സമയം പഥികന്‍ മുറിയാകെ നോക്കിക്കാണുന്നു.ദേവദത്തന്‍ വെള്ളവുമായി വരുന്നു.പഥികന്‍ വാങ്ങിക്കുടിക്കുന്നു.)

പഥി:ഇതൊരു ശില്പിയുടെ വീടല്ലേ?ഞാനന്വേഷിക്കുകയായിരുന്ന ശില്പിയുടെ വീട്.

ദേവ:-നിങ്ങളന്വേഷിക്കുന്ന ശില്പിയോ?

പഥി:അതെ,എനിക്കാ ശില്പിയെ കണ്ടെത്തണം.അദ്ദേഹത്തെ കണ്ടെത്താനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനീ യാത്ര ആരംഭിച്ചത്.

ദേവ:-നിങ്ങളുദ്ദേശിക്കുന്നത്…

പഥി:-(അത് ശ്രദ്ധിക്കാതെ)അദ്ദേഹത്തെ എനിക്ക് കണ്ടെത്തിയേ കഴിയൂ.അല്ലെങ്കില്‍ ഞാന്‍..എന്റെ നാട്…

ദേവ:എനിക്കൊന്നും മനസ്സിലായില്ല.

പഥി:-പറയൂ,ഇതാ ശില്പിയുടെ വീടല്ലേ…

ദേവ:-ഒരു ശില്പിയുടെ വീടാണ്.പക്ഷെ നിങ്ങള്‍ തേടിവന്ന ശില്പി?

പഥി:-അതെ,അദ്ദേഹത്തെത്തന്നെ.വിരല്‍ത്തുമ്പുകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അതുല്യനായ ശില്പി.അദ്ദേഹത്തിന് മാത്രമേ ആ ശില്പങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയൂ.പക്ഷെ അത് പാടില്ല.

(മുത്തച്ഛന്‍ പ്രവേശിക്കുന്നു)

ശില്പി:നീ ഇതുവരെ തേടിനടന്ന ശില്പി ഞാനാണ്..

പഥി:ശില്പീ…ഞാന്‍..ഞാന്‍ വന്നത്..

ശില്പി:എനിക്കറിയാം..ആ ശില്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്നു പറയാനല്ലേ..

പഥി:അതെ,ആ ശില്പങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമാകാന്‍ പാടില്ല..

ദേവ:-അതെന്തുകൊണ്ട്?

പഥി:ഇതിനുപുറത്ത് അവര്‍ പൂപ്പന്തലുകള്‍ ഉയര്‍ത്തിത്തുടങ്ങി;ശില്പങ്ങള്‍ കുടിയിരുത്താന്‍.അവരുടെ അനുയായികള്‍ വാളുകള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ്;ഈ ഭൂമിയെ വെട്ടിമുറിക്കുവാന്‍..

ശില്പി:-അയ്യോ…

ദേവ:-സത്യമാണോ നിങ്ങളീപ്പറയുന്നത്?

പഥി:-അതെ.അവര്‍ നമ്മുടെ മണ്ണ് പങ്കുവയ്ക്കാന്‍ കച്ചകെട്ടിനില്‍ക്കുകയാണ്.ഒരിക്കല്‍ വെട്ടിമുറിച്ചതിന് സാക്ഷിയാകേണ്ടിവന്നതിലുള്ള ദു:ഖം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.അതിനുമുന്‍പ്…

ദേവ:അതെന്തൊരു സംഭവമായിരുന്നു..ഇന്നുവരെ ലോകം കണ്ടിട്ടില്ലാത്ത കുടുയൊഴിക്കല്‍..അതിന്റെ മറവില്‍ നടന്ന ലക്ഷക്കണക്കിന് മനുഷ്യക്കുരുതി-

പഥി:അത് വീണ്ടുമിവിടെ ആവര്‍ത്തിക്കാന്‍ പോകുന്നു.ശില്പീ..നിങ്ങളാ ശില്പങ്ങള്‍ അവരെ ഏല്പിക്കരുത്.

ദേവ:അതെ മുത്തച്ഛാ..അത് പാടില്ല.ഭാരത ചരിത്രത്തിന്റെ സുവര്‍ണ്ണത്താളുകളീല്‍ ഒന്നിലേറെ പ്രാവിശ്യം രക്തക്കറ പുരണ്ടു..അതിനി അനുവദിച്ചുകൂടാ..

ശില്പി:ഞാനാ ശില്പങ്ങള്‍ക്ക് രൂപം നല്കിയിട്ടില്ല.എനിക്കതിന് കഴിയുകയുമില്ല.സംശയിക്കേണ്ട ഞാന്‍ പറയുന്നത് സത്യമാണ്.

പഥി:മതി..മതി..ഞാന്‍ പോകുന്നു.എനിക്ക് ഒത്തിരിക്കര്യങ്ങള്‍ ഇനിയുമുണ്ട് ചെയ്തുതീര്‍ക്കാന്‍..

ശില്പി:ധൈര്യമായി പോകൂ കുട്ടീ..

ദേവ:-അതെ,നിങ്ങളുടെ പിന്നില്‍ എന്നം ഞങ്ങളുണ്ടായിരിക്കും.

(പഥികന്‍ പുറത്തേക്കും മുത്തച്ഛന്‍ അകത്തേക്കും പോകുന്നു.
ദേവദത്തന്‍ അകത്തേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ കാവി വേഷധാരി വരുന്നു)

കാവി:-എവിടെയാ കിഴവന്‍?എന്റെ ശില്പം പൂര്‍ത്തിയായോ?ചോദിച്ചതു കേട്ടില്ലേ?

ദേവ:-കേട്ടു.

കാവി:എന്നിട്ടും മൗനം..?

ദേവ:നിങ്ങള്‍ക്കായി ഒരു ശില്പം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് മുത്തച്ഛന്‍ പറഞ്ഞു..

കാവി:-എന്ത്?

ദേവ:-അതെ

കാവി:-എവിടെ അയാള്‍?എനിക്കായി ഒരു ശില്പം സാധ്യമാല്ലെന്നോ?

ദേവ:-ദയവായി നിങ്ങള്‍ ശാന്തനാകൂ.

കാവി:ഇനിയും എന്നെ കബളിപ്പിക്കാമെന്ന് കരുതേണ്ട.എനിക്ക് ഒരു ശില്പം വേണം.-എന്റെ ശില്പം-അതുംകൊണ്ടല്ലാതെ ഞാന്‍ മടങ്ങിപ്പോകില്ല.

ദേവ:-ഞാന്‍ മുത്തച്ഛനോട് പറയാം.

കാവി:-വേഗമായിരിക്കണം.

(ദേവദത്തന്‍ അകത്തേക്ക് പോകുന്നു.പച്ച വേഷധാരി വരുന്നു.കാവി വേഷധാരി ചാരു കസേരയില്‍ ഇരിക്കുന്നു.)

(തുടരും)

Advertisements

3 thoughts on “അപൂര്‍ണ്ണ ശില്പങ്ങള്‍ ‌(നാടകം)

 1. പ്രിയ്യപ്പെട്ട വിദൂഷകാ…..സന്മ്മനസ്സുണ്ടെന്നു കരുതി ചോദിക്കുന്നതാണ്…
  അടിയന് ചിന്ത അഗ്രിഗേറ്ററില്‍ ഒരു രണ്ടു സെന്റ് ഭൂമി വേണമെന്നുണ്ട്.
  മരൂഭൂമിയിലെ പൊള്ളുന്ന ചൂടില്‍ നിന്നൂം ഒരല്‍പ്പം ആശ്വാസത്തിന് വേണ്ടിയാണ്.
  അങ്ങ് കൊട്ടാരം മന്ത്രിയോടു പറഞ്ഞ് അതിന്റെ പട്ടയം അനുവദിച്ചു തരണം.വീണുകിട്ടുന്ന അല്പം സമയം അത് മാത്രമേ ഈ നാടകക്കാരന്റെ ഉള്ളില്‍ ഉള്ളൂ.ബൂലോഗത്തെപറ്റി കാര്യമായ അവഗാഹമൊന്നും നാടകക്കാരനില്ല.
  പിന്നെ നാടകമെഴുത്ത് എന്ന ആശയത്തോട് നാടകക്കാരന്‍ യോജിക്കുന്നു.തമാശയുടെ വാഴക്കറ ഒരു നല്ല കറകളയുന്നസോപ്പെടുത്ത് അലക്കു കല്ലേല്‍ ഇട്ട് ഒന്ന് അലക്കിക്കളയണം.കുറേ..കൂടി സീരിയസ്സായി സമീപിച്ചാല്‍ ഇത് ഒരു നല്ല മുതല്‍ക്കൂട്ടാവും വിദൂഷകന്.
  പിന്നെ പറഞ്ഞകാര്യം മറക്കരുത്.

 2. അപൂര്‍ണ്ണ ശില്‍പ്പങ്ങളിലെ അപൂര്‍ണ്ണത നാടകക്കാരനെ ദുഖിപ്പിക്കുന്നു.
  തെറ്റിദ്ധരിക്കില്ലെങ്കില്‍ ഈയുള്ളവനു തോന്നിയ കുറച്ചു കാര്യ്ങ്ങള്‍ സൂചിപ്പിച്ചു കൊള്ളട്ടെ.

  നാടകത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നു. നിരയെഅവ്യക്തതകള്‍ , ശില്‍പ്പങ്ങള്‍ എന്ന വാക്കിന്റെ ആവര്‍ത്തന വിരസത.

  40 വയസ്സായ ബ്രഹ്മ്മദത്തന് 62 വയസ്സായ ഒരു മുത്തശ്ശന്‍ എന്നത് മനുഷ്യകുലത്തിന്റെ സംസ്ക്കാരത്തിനു ചേരുമെന്നു തോന്നുന്നില്ല.

  ബ്രഹ്മ്മദത്തന്‍ എന്ന് ശില്‍പ്പിയുടെ മാനസീക വ്യധകളിലൂടെ നാടകം തുടങ്ങട്ടെ.
  ( യവനിക ഉയരുംബോള്‍ രംഗമദ്ധ്യത്തില്‍ ഒരു സ്ത്രീയുടെ പൂര്‍ത്തിയാകാത്ത ശില്‍പ്പം. ചുറ്റും പണി ആയുധങ്ങളും മറ്റും.രംഗത്തിന്റെ ഒരു വശത്തായി ഉയര്‍ന്ന തലത്തില്‍ ബ്രഹ്മ്മദത്തന്‍ ഇരിക്കുന്നു. വയസ്സ് 25)
  ബ്രഹ്മ്മദത്തന്‍: എവിടെയാണു പിഴച്ചത്. പച്ചിരുംബുലയൂതി മൂര്‍ച്ചകൂട്ടിയ എന്റെ പണിയായുധങ്ങളെ പിഴച്ചത് നിങ്ങള്‍ക്കോ.. അതൊ.ത്രിവേണി സംഗമം തൊട്ട് ഈ ഹരിതഭൂമിയുടെ വടക്കേ അറ്റം വരെ കല്പരപ്പുകള്‍ക്ക് ഉളിമുനയിലൂടെ രക്തം നല്‍കിയ ഈ ശില്പിക്കോ.. അറിയില്ല.
  നിലാവുള്ള ഈ രാത്രിയിലെ മരംകോച്ചുന്ന തണുപ്പ് എന്നോട് എന്തൊക്കെയോ‍ ഒളിക്കുന്നു ഇളം കാറ്റിന്റെ മര്‍മ്മരങ്ങള്‍ അവ്യക്തമായി എന്തോ പറയുന്നുണ്ട്.
  ഉറക്കമില്ലാത്ത ഈ സ്രഷ്ടാവിന്റ്റെ രാത്രികളില്‍ ഭ്രാന്ത് പിടിപ്പിക്കുന്നതെന്തിനാണ്.
  നാലുനാളുകള്‍ക്കപ്പുറം അവര്‍ വരും. പക്ഷേ..? ബ്രഹ്മ്മദത്തന്റ്റെ അടുത്ത് ആളുകള്‍ വന്നിട്ടുണ്ട് പലരും പലപ്രാവശ്യം. പക്ഷെ അപ്പോഴൊന്നും ഇല്ലാത്ത ഈ മനോവ്യധ
  ഈ നിസ്സഹായത അതാണെന്നെ പരജിതനാക്കുന്നത്. പ്രപഞ്ജസത്യങ്ങളെ ഈയുള്ളവന്‍ അരുതാത്തതെന്തെങ്കിലും പ്രവര്‍ത്തിച്ചുവോ…..?

  ഇങ്ങനെ നാടക മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവട്ടെ…എന്നാലല്ലെ അഭിനേതാവു കൂടിയായ ഈ നാടകകാരനു വല്ലതും ചെയ്യാനാകൂ….
  കാലിക പ്രസക്തിയുള്ള വിഷയം നല്ല ആലോജനയുണ്ടെങ്കില്‍ ഒരുപാട് നാടകങ്ങള്‍ക്കുള്ള സ്കോപ്പുണ്ട്.

  വിദൂഷകാ…..ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തില്‍ കൈകടത്തി എന്ന
  കുറ്റബോധം കുറച്ചൊന്നും അല്ലെങ്കിലും ഞാന്‍ ഒരു നാടകക്കാരന്‍ ആയിപ്പോയില്ലേ..
  നിറനാഴിയില്‍ നന്മ്മ മാത്രമളക്കുന്ന ഒരു നാട്ടിന്‍ പുറത്തിലൂടെ നാടകവുമായി നടന്ന ഈ നാടകക്കാരന്‍ ജീവിതം എന്ന സര്‍ക്കസ്സുകാരനെ ട്രിപ്പീസു പഠിപ്പിക്കാന്‍ കടല്‍ കടന്നതാണ്.അമ്മയേക്കാള്‍ ഏറെ സ്നേഹിച്ച് നാടകത്തിന്റെ പുറത്തു കയറിയപ്പോള്‍ താങ്കള്‍ക്കു ഒരു കൈ തരണമെന്നു തോന്നി ചെയ്തതാണ് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

 3. അങ്ങനെ പോരട്ടെ നിരൂപണം.
  നിരീക്ഷണങ്ങള്‍ പ്രസക്തമാണെന്ന് തോന്നുന്നു..

  പണ്ട് 23ന്റെ ഉച്ചസ്ഥായിയില്‍ എഴുതിയതാണ്.
  അന്നത്തെ ചേരുവകള്‍ ആവോളം കാണും..
  അതങ്ങനെയിരിക്കട്ടെ എന്ന് കരുതി..

  നാടകത്തില്‍ ചില അലച്ചിലുകള് എനിക്കുമുണ്ടായിരുന്നു..
  മൂന്ന് നാടകങ്ങള്‍ ആകാശവാണിയില്‍ എത്തിച്ചു..
  ചിലതൊക്കെ അരങ്ങിലും.

  പിന്നെ, നാടകക്കാരന്‍ പറഞ്ഞതുപോലെ ജീവിതത്തിന്റെ ടിപ്പീസില്-
  നാട്ടില്‍ത്തന്നെ
  ഇപ്പോള്‍ സാമാന്യം ഭേദപ്പെട്ട ഒരു ജോലി (ഗവ.)തരപ്പെടുത്തി സകുടുംബം …

  ഒരു കലാകാരന്റെ തേങ്ങല്‍ താങ്കളുടെ കുറിപ്പില് കണ്ടു,
  പ്രതികരണത്തിന് നന്ദി..
  വീണ്ടും വരിക..

  ചിന്തയില്‍ ഉള്ക്കൊള്ളിക്കാന് ,സംഗതി തമാശയല്ലല്ലോ അല്ലേ,paul@chintha.com-ഒരഭ്യര്‍ത്ഥന മെയില്‍ ചെയ്യുക…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )