“അടയാളങ്ങള്‍“-ദാരിദ്ര്യത്തിന്റെ കാല്‌പനിക ഭാവങ്ങള്‍…..

അടയാളങ്ങള്‍-സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തുകയാണ്.

അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.1.മികച്ച ചിത്രം.2.മികച്ച സംവിധായകന്‍.മുതലായ അവാര്‍ഡുകള്‍ ഈ ചിത്രത്തിനായിരുന്നു.

അടയാളങ്ങളെക്കുറിച്ച് ഞാന്‍ മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുന:പ്രസിദ്ധീകരിക്കുകയാണിവിടെ.

ഒരു ശരാശരി പ്രേക്ഷകന്റെ ആസ്വാദനക്കുറിപ്പാണിത്.

പ്രശസ്ത മലയാള സാഹിത്യകാരനായ ശ്രീ.നന്ദനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌.


ഒരു കൊള്ളിമീന്‍ പോലെ മിന്നിയൊടുങ്ങിയ പ്രതിഭയായിരിന്നു നന്ദനാര്‍.


വിശപ്പ്‌,കാമം,യുദ്ധം എന്നിവയാണ്‌ ഈ ചിത്രം ചര്‍ച്ചചെയ്യുന്ന പ്രധാന പ്രശ്നങ്ങള്‍.ഗോപിയെന്ന നായക കഥാപാത്രം നന്ദനാരുടെ പ്രതിരൂപമാണ്‌.


വിശപ്പ്‌ കാല്‌പനികമായി….ദാരിദ്ര്യത്തെ കാല്‌പനികമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ നാം ഉപേക്ഷിച്ച അനുഭവ പരിസരങ്ങള്‍ ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു.


ശരീരമനങ്ങി ജോലി ചെയ്യാന്‍ മടിക്കുന്നയാളാണ്‌ ഗോപി.ബീഡി പായ്ക്കറ്റിലാക്കുക പോലുള്ള ലളിത ജോലികള്‍ തേടിപ്പോകുന്നുണ്ട്‌.എന്നാല്‍ വിവിധ കാരണങ്ങളാല്‍ അവിടെ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.


ടി.വി.സീരിയല്‍ രംഗങ്ങള്‍ പുനര്‍ജനിക്കുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ട്.ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ ബദ്ധപ്പെടുന്നതും മറ്റും ഉദാഹരണം.


സാധാരണ സ്ത്രീകളെ പൊട്ടിക്കരയിപ്പിക്കാവുന്ന വിശപ്പിന്റെ സങ്കടങ്ങള്‍ പെയ്തിറങ്ങുന്ന ധാരാളം രംഗങ്ങളുണ്ട്‌.ആ അര്‍ത്ഥത്തില്‍ കാലം തെറ്റി വന്ന സിനിമയാണിത്‌.

നാടകം തിരശ്ശീലയില്‍….

നാടകം സ്റ്റേജില്‍ നിന്ന് തിരശ്ശിലയിലേക്ക്‌ മാറ്റപ്പെട്ടതാണ്‌ അടയാളങ്ങള്‍.എം.ജി.ശശി എന്ന നാടകകാരന്‍ ഇവിടെ മുന്നിട്ടുനില്‍ക്കുന്നു.സംഭാഷണങ്ങളും ദീപവിതാനങ്ങളും പശ്ചാത്തലവുമൊക്കെ ആ പ്രസ്താവനയെ സാധൂകരിക്കുന്നു.


കാമത്തിന്റെ വിശപ്പ്‌…


ശാരീരികമായ വിശപ്പും ഈ സിനിമയിലെ പ്രധാന ഘടകമാണ്‌.ഗോപി സ്ത്രീയെ അറിയുന്നത്‌,അവളുടെകൂടി നിര്‍ബന്ധപ്രകാരം നാടുവിടാന്‍ തീരുമാനിക്കുന്നത്‌,ഒടുവില്‍ പട്ടാളത്തില്‍ ചേരുന്നത..ഒക്കെ ഇതില്‍ കാണാം.ഗോപിയിലെ പുരുഷനെ ഉണര്‍ത്തി ദിശാബോധം കാട്ടിക്കൊടുക്കുന്നത്‌ ആ സ്ത്രീ കഥാപാത്രമാണ്‌ എന്നു പറയാം.

യുദ്ധം….


യുദ്ധം ഈ ചിത്രത്തിന്‌ പശ്ചാത്തലമായി നിലകൊള്ളുന്നു.അക്കാലത്ത്‌ പട്ടാളത്തില്‍ സ്വമേധയാ ആരും ചേരുമായിരുന്നില്ല.ഗതികേടിനൊടുവിലാണ്‌ ഗോപിയും അതിന്‌ തയ്യാറാകുന്നത്‌.തന്റെ കുടുംബത്തിന്‌ മൂന്നു നേരം ഭക്ഷണം നല്‍കാനാണ്‌ താന്‍ പോകുന്നത്‌ എന്ന് അയാള്‍ പറയുന്നുണ്ട്‌.


പട്ടാള ബാരക്കിന്റെയും മറ്റും ചിത്രീകരണം ബാലിശമായിപ്പോയി എന്ന് പറയേണ്ടീരിക്കുന്നു.

ഗവേഷണത്തിന്റെ കുറവ്‌…


പഴയ ഒരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുമ്പോള്‍ ആ കാലഘട്ടത്തിലെ എല്ലാ പ്രത്യേകതകളും മനസ്സിലാക്കി ചിത്രീകരിക്കേണ്ടതുണ്ട്‌.ബ്രാഹ്മണരുടെ ജീവിതവും രീതികളും കുറച്ചുകൂടി അടുത്തറിയേണ്ടീരുന്നു.
കുടുമ അന്ന് സാര്‍വത്രികമായിരുന്നു.ഗോപിയുടെ അച്ഛന്‍പോലും കുടുമ ഇല്ലാത്തയാളാണ്‌.

സംവിധാനഭംഗി..


വളരെ കൈയ്യൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു.ചില പുത്തന്‍ രീതികള്‍ അവലംബിച്ചിട്ടുണ്ട്‌.
പുതുമുഖ നടന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്‌.


ആദ്യസംരംഭം എന്ന നിലയില്‍ സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നു.
നന്ദനാരെക്കുറിച്ച്‌ സിനിമയെടുത്തതിനാല്‍ സാഹിത്യപ്രേമികള്‍ക്കും സന്തോഷത്തിന്‌ വകയുണ്ട്‌.

Advertisements

ബ്ലോഗ്‌ നിരൂപണം .വാല്യം-9 (14/08/2008)

പ്രവിണീന്റെ ‘സർക്കസ്‌ ‘
————————–

സമ്പന്നനാകാൻ വേണ്ടി സർക്കസിൽ ചേർന്ന സുഭാഷിന്റെ കഥ പറയുകയാണ്‌ പ്രവീൺ.

കഥ പറച്ചിൽ തന്ത്രം പഠിച്ചെടുക്കേണ്ടീരിക്കുന്നു ; അങ്ങനെയൊരു തന്ത്രമുണ്ടെങ്കിൽ.

യു.പി.സ്കൂൾ കുട്ടികൾ എഴുതേണ്ട കഥയാണിത്‌.

ഒറ്റ വീർപ്പിൽ കഥാസാരം പറഞ്ഞ്‌ തീർത്തിരിക്കുന്നു!

എന്ത്‌ ? എങ്ങനെ ? സംഭവിക്കുന്നു എന്നതാണ്‌ കഥയിൽ വേണ്ടത്‌.ഇവിടെ എന്ത്‌ എന്നതിനുമാത്രം സമാധാനമുണ്ട്‌.

പുതുമയില്ലാത്ത വിഷയമാണ്‌.

തല്ലി കഥ പറയിപ്പിക്കൽ-ഇവിടെ സാർത്ഥകമാകുന്നു.

പ്രവീൺ ധാരാളം കഥകൾ വായിക്കേണ്ടീരിക്കുന്നു.

അക്ഷരത്തെറ്റുകൾ ധാരാളമുണ്ട്‌.അത്‌ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്‌.

പാരഗ്രാഫ്‌ തിരിച്ച്‌ എഴുതണം.

കഥ എഴുതാനുള്ള ശ്രമത്തെ ആദരിക്കുന്നു.
നല്ല കഥകളുമായി തിരികെ വരിക.

www.pravee2987.blogspot.com

________________________________________________________________________________________________

സാധ്യതകൾ
—————–

കുഞ്ഞുകവിതകളുടെ ശക്തി ബോധ്യപ്പെടുത്തിയ കവിയാണ്‌ കുഞ്ഞുണ്ണിമാഷ്‌.
ആ പാതയിലൂടെ അധികമാരും സഞ്ചരിച്ചു കണ്ടിട്ടില്ല.

ഇപ്പൊളിതാ മറ്റൊരു കവി അത്തരം കവിതകളുമായി-

‘ആകയാൽ
‘പാതിര’യിൽ നിന്നും
പാതിരിയുണ്ടാകാം
എന്നാണോ കർത്താവേ
ഞങ്ങളറിയേണ്ടത്‌.(ഒരു നിരുക്തി)

സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ആലോചനാമൃതമാണ്‌ ഈ കവിത.

‘ഭരണം
ഒരു രണമാണെങ്കിലും
ഭ! രണമേ
എന്നവരാരും പറയാറില്ല.’

ഭരണത്തിന്റെ സുഖലോലുപതയുടെ പ്രലോഭനം അത്രയ്ക്കാണ്‌…

അദ്ദേഹത്തിന്റെ പുതിയ കവിതയാണ്‌ -സാധ്യതകൾ

വർത്തമാന കാലത്തിന്റെ നേർക്കാഴ്ചകൾ വാക്കുകളിൽ ആവാഹിക്കുന്നു കവി-

അധികരത്തിന്റെ പല്ലിനടിയിൽ ചതഞ്ഞരഞ്ഞുപോകുന്നവരെ …അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ ഒക്കെ കവി ഓർക്കുന്നു..

കെടുകാലത്തിന്റെ ദുരിതങ്ങൾ ഒന്നാം ഖണ്ഡത്തിലും ഭാവിയുടെ വിഹ്വലതകൾ രണ്ടാം ഖണ്ഡത്തിലും അവതരിപ്പിച്ചിരിക്കുന്നു…

എല്ലാം വില്‌പനച്ചരക്കാക്കുന്ന ലോകത്ത്‌ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം..ആ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.

www.dyesudas.wordpress.com

_____________________________________________________________________________________________________

ചരിത്രം വളച്ചൊടിക്കുന്നു
————————————

മലങ്കര റിലീജിയസ്‌ കോൺഫ്രഡിന്റെ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു…

‘കേരള സർക്കാരിനെക്കൊണ്ട്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പിൻ വ്ലിപ്പിക്കാൻ സാധിക്കാത്തത്‌ കേരളത്തിന്‌ അപമാനകരവും സമൂഹത്തിന്റെ ധാർമ്മിക അധ:പതനത്തിന്റെ തെളിവുമാണ്‌’

ആ കണ്ടെത്തലിനെ ലേഖകൻ ചോദ്യം ചെയ്യുന്നു..

ചരിത്രവസ്തുതകൾക്ക്‌ നിരക്കാത്ത പ്രഖ്യാപനങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

സഭയുടെ സ്കൂളുകളിൽ ബൈബിൾ വിതരണം നടത്താറുണ്ട്‌.മറ്റുള്ളവർ ഭഗവത്ഗീതയോ ഖുറാനോ ക്രിസ്ത്യാനിക്കുട്ടികൾക്ക്‌ നൽകിയിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കാം…!

അത്രയ്ക്ക്‌ വിവരദോഷികളായി…മൗലികവാദികളായി മാറിയിരിക്കുന്നു ചില പാതിരിമാർ…

സമ്പത്തിന്റെ കൈകാര്യാവകാശം ളോഹക്കാരിൽ നിന്നും എടുത്തുമാറ്റിയാൽ കാര്യങ്ങൾ ഒരുവിധം ശരിപ്പെടും.

ആദാമിന്റെ വാരിയെല്ല് ഊരിയെടുത്താണ്‌ സ്ത്രീയെ സൃഷ്ടിച്ചത്‌ എന്നതിനെ വെല്ലുവിളിക്കുന്നു ഡാർവ്വിന്റെ സിദ്ധാന്തം.ലേഖകൻ ചൂണ്ടിക്കാണിക്കുന്നതുപോലെ ഡാർവ്വിന്റെ അത്ര ‘മതനിഷേധം(?)’ നടത്തിയ മറ്റൊരാളുണ്ടോ?

സണ്ഡേ ക്ലാസ്സിൽ നട്ടെല്ല് ഊരി സൃഷ്ടിച്ച കാര്യം പഠിക്കുകയും വിദ്യാലയങ്ങളിൽ പരിണാമ സിദ്ധാന്തം പഠിക്കുകയും ചെയ്യുന്ന കുട്ടി വലുതാകുമ്പോൾ ആദ്യത്തേതിനെ ഒരു മുത്തശ്ശിക്കഥയായി മനസ്സിലാക്കുകയാണ്‌ പതിവ്‌.അതവരുടെ ജീവിതത്തിൽ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കറില്ല.

ഒരു പാഠപുസ്തകത്തിലെ ഒരു പാഠം പഠിച്ചാൽ മതത്തെ കുട്ടികൾ കൈവിട്ടുകളയും എന്ന വെപ്രാളം അച്ചന്മാർമ്മ് എങ്ങനെ ഉണ്ടായി?

ബോധമുള്ളവരെ മതത്തിന്റെ ‘ഡെപ്പാംകുത്ത്‌’ കളിക്ക്‌ കിട്ടില്ലെന്ന് പുരോഹിതർ കണ്ടെത്തിയിരിക്കുന്നു.

അതാണ്‌ കാര്യം.

കേരളത്തിൽ ഇവർക്ക്‌ വലിയവായിൽ സംസാരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.അതിനോട്‌ യോജിക്കാതിരിക്കാൻ കഴിയില്ല.

എല്ലാ ബ്ലോഗർമാരും വായിച്ചിരിക്കേണ്ട ലേഖനമാണിത്‌.

www.vartthamanam.wordpress.com

___________________________________________________________________________________________

ഇവൻ എന്റെ പ്രിയപ്പെട്ടവൻ
—————————-

കവിതയുടെ രീതിയിലാണ്‌ ഈ രചന.

കഥയായി വായിക്കുന്നതാണ്‌ നല്ലത്‌.

അത്‌ എന്താണെന്ന് എഴുത്തുകാരി നിർവ്വചിച്ചിട്ടില്ല!

കഥയുടെയും കവിതയുടെയും അതിർവ്വരമ്പുകൾ എവിടെയാണ്‌?

ആകെ കൺഫ്യൂഷനിലാണ്‌…

ഈ രചനയ്ക്കൊപ്പം ചേർത്തിരിക്കുന്ന ചിത്രം നയന മനോഹരമാണ്‌.

ഒരു പെൺ കുട്ടിയുടെ ഏകാന്തത്തയിലെ ഭ്രാന്തൻ ചിന്തകളാണ്‌ ഈ രചനയിൽ കാണാനാവുക.

എഴുത്തിന്‌ ഒഴുക്കുണ്ട്‌.

പണ്ടെന്നോ മലയാളം കൈവിട്ട ‘മ’ സാഹിത്യത്തിന്റെ പ്രേതം ഇവിടെ കുടിയിരിക്കുന്നുവോ?

എന്തായാലും വായനക്കാർക്ക്‌ ഉണ്ടാകാവുന്ന സംശയങ്ങൾ എഴുത്തുകാരി മുൻ കൂട്ടി മനസ്സിലാക്കിയിട്ടുണ്ട്‌.

‘എനിക്ക്‌ ഭ്രാന്തായിരുന്നോ അതോ മുഴുവട്ടോ’

രണ്ടും ഒന്നല്ലേ…

ചികിത്സ എത്രയും വേഗം നടത്തുക…

തെളിഞ്ഞ മനസ്സിൽ നിന്നും നല്ല കൃതികൾ ഉറവെടുക്കുന്ന കാലത്തിനായി കാത്തിരിക്കുന്നു.

www.chitharypoyaenttekuppivalapottukal.blogspot.com

______________________________________________________________________________________

ഭാര്യയുടെ പരാതി
————————-

ഒരു ഗുണ പാഠ കഥ കൂടി….

കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മ വരുന്നു-

‘പെണ്ണുകാണാൻ പോകുമ്പോൾ
കണ്ണുമാത്രം പോര
കണ്ണാടിയും കൂടെ
കൊണ്ടുപോകണം’

നമുക്ക്‌ നമ്മുടെ തെറ്റ് കണ്ടറിയാൻ കഴിയില്ല.കണ്ണാടി അത്‌ കാട്ടിത്തരുന്നു.

കണ്ണാടിയും കള്ളം പറയുന്ന കാലമാണ്‌.

ഈമെയിലിൽ കിട്ടിയ കഥ എന്നു പറഞ്ഞാണ്‌ കഥ അവതരിപ്പിച്ചിരിക്കുന്നത്‌.

കഥ പറച്ചിൽ കൊള്ളാം..

മറ്റൊരു ബ്ലോഗിൽ ഈ കഥ കണ്ടതായി ഓർക്കുന്നു;ചെറിയ മാറ്റങ്ങളേയുള്ളൂ.

മോഷണം നടത്തിയത്‌ ആര്‌ എന്ന് മനസ്സിലാകുന്നില്ല.

ഗവ.ഹയർ സെക്കന്ററി സ്കൂൾ ,വിളവൂർക്കലിന്റെ ബ്ലോഗിൽ ‘കാഴ്ച നന്നായാൽ’എന്ന കഥ കാണാം.+2 കോമേഴ്സിലെ ദീപ.ഡി.എസ്‌ എന്ന കുട്ടിയാണ്‌ കഥ എഴുതിയിരിക്കുന്നത്‌.

സമാനതകൾ ഇങ്ങനെയും വരുമോ എന്ന് വിദൂഷകന്‌ സംശയം.

www.vijayalokam.blogspot.com

www.vilavoorkalghss.blogspot.com

___________________________________________________________________________________________

നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്‌
——————————–

അച്ഛനോടുള്ള സ്നേഹാദരങ്ങളുടെ വിളംബരമാണിക്കവിത.

വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞിരിക്കുന്നു..

‘അമ്മതൻ ചൂടിനാവില്ലൊരച്ഛന്റെ കരുത്തുറ്റ
യുള്ളത്തിൻ സുരക്ഷിതത്വം,അറിയുക
വൈകിയാണെങ്കിലും ,മകളുടെ നീർമുത്തുകൾ
നനഞ്ഞു കുതിർന്ന സ്നേഹത്തെയെങ്കിലും’.

ബാല്യകാലത്തെ സ്നേഹവായ്പൊടെ കവയിത്രി ഓർമ്മിക്കുന്നു..

കാലത്തെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചത്‌ അച്ഛനിൽ നിന്നാണ്‌.മഴയും വെയിലും കാലവേഗങ്ങൾക്ക്‌ സാക്ഷിയാണെന്ന്‌ ഉപദേശിച്ചതും അച്ഛനാണ്‌.

വായനക്കാർക്ക്‌ ഗൃഹാതുരത്വം സമ്മാനിക്കാൻ ഈ കവിതയ്ക്കാകുന്നു.ബാല്യകൗമാരങ്ങളിലേക്ക്‌ ഒരു മടങ്ങിപ്പോക്ക്‌ സാധ്യമാക്കുന്നു.

ഒടുവിൽ,

കവയിത്രി ആഗ്രഹിക്കുന്നതുപോലെ –

‘വീണ്ടുമൊരിക്കൽ കൂടിയച്ഛനോടൊത്തൊരു മകളായ്‌ വളരുവാൻ’ നമ്മളും ആശിച്ചു പോകുക തന്നെ ചെയ്യും.

www.swapnabhumi.blogspot.com

______________________________________________________________________________________

പാഠപുസ്തകവധം – ഹൈബി ഈഡന്റെ ആട്ടക്കഥ ഒന്നാം ദിവസം

പണ്ടൊരു പരസ്യം ഉണ്ടായിരുന്നു-

പാവം പയ്യൻ അവനെ ആരും സ്നേഹിക്കുന്നില്ല.

ഇവിടെ പയ്യൻ എന്നതിന്‌ ഹൈബി ഈഡൻ എന്ന് ചേർക്കുന്നു.

എന്തൊക്കെ പരാക്രമങ്ങളാണ്‌ ഈ ചെറുക്കൻ കാട്ടിക്കൂട്ടിയത്‌?

നാലഞ്ചു ദിവസം പഠിപ്പു മുടക്കിക്കൾഞ്ഞു-കെ.എസ്‌.യു.വിന്റെ ചെലവിൽ…
ഗുണ്ടകളെ ഇറക്കി അക്രമം നടത്തി…
ഏഴാം ക്ലാസ്സ്‌ വേണ്ടെന്ന് പ്രഖ്യാപിച്ചു…
സാമൂഹ്യപാഠം ശരിയല്ലെന്ന് ബിസ്കറ്റ്‌ കുട്ടന്മാരെ പഠിപ്പിച്ചു…

ഇതൊക്കെക്കണ്ട്‌ ഞെട്ടിയത്‌ പ്രധാനമായും രണ്ടുപേരാണ്‌.
ഒരാൾ രമേശ്‌ ചെന്നിത്തല
മറ്റേയാൾ ടി.സിദ്ദിഖ്‌

അവർക്ക്‌ അടങ്ങിയിരിക്കാൻ കഴിയുമോ?

തുടങ്ങി ആക്ഷൻ…

വിമൽക്കുമാർ(ചെന്നിത്തലയ്ക്ക്‌ കോൺഗ്രസുകാർ നൽകിയ ഓമനപ്പേര്‌)പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചു-ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം മതനിന്ദ വളർത്തുന്നു.(വാക്കുകൾക്ക്‌ കടപ്പാട്‌ കത്തോലിക്കൻ അച്ചന്മാർ)

സിദ്ദിഖ്‌ ക്രിമിനലുകളെ തേടിയിറങ്ങി.കൊറേ അക്രമം കാണിച്ചു.
ഒടുവിൽ പ്രഖ്യാപിച്ചു-നിരഹാരം!

വാഗ്ദാനങ്ങൾ നൽകി കുറേപ്പേരെ രംഗത്തിറക്കി.
ഏശിയില്ല..

പിന്നൊരു അമിട്ട്‌-

താൻ തന്നെ നിരാഹാരം കിടക്കുന്നു!

ആരും ഞെട്ടിയില്ല; സ്വന്തം മാതാപിതാക്കളൊഴിച്ച്‌.

ഏതാനും ദിവസം കഴിഞ്ഞു.
സർക്കാർ മൈൻഡ്‌ ചെയ്തില്ല.

ചില്ലറ അക്രമങ്ങളൊക്കെ പയറ്റി…

രക്ഷയില്ല.

പൊടിയും തട്ടി വീട്ടിലേക്ക്‌…

ഇതിനിടയിൽ സുഖചികിത്സയ്ക്ക്‌ പോയിരുന്ന ഹൈബി തിരിച്ചെത്തി.
ചില പ്രഖ്യാപനങ്ങളൊക്കെ നടത്തി….

പാഠപുസ്തകം പിൻ വലിച്ചേ പറ്റൂ…

അധ്യാപകന്റെ മരണത്തോടെ സമ്മർദ്ദത്തിലായ കോൺഗ്രസ്സും ലീഗും അത്‌ കേട്ട്‌ ഞെട്ടി…

തെരഞ്ഞെടുപ്പ്‌ അടുക്കുകയാണല്ലോ…

കാമ്പ്രസ്സ്‌ മുന്നണി യോഗം കൂടി..

മാണിയും കുഞ്ഞാലിയും പതിവുപോലെ ചിലച്ചു-പിൻ വലിക്കണം…

ഗൗരിയമ്മ എതിർത്തു…
മതനിഷേധം എവിടെയെന്ന് ചോദിച്ചു…
എം.വി.രാഘവനും കൂടെക്കൂടി..

നേതാക്കൾക്ക്‌ ഉത്തരം മുട്ടി…

ഒടുവിൽ തീരുമാനിച്ചു-

പാഠപുസ്തകം പിൻ വലിക്കേണ്ടതില്ല.ചില പാഠങ്ങൾ മാത്രം ഒഴിവാക്കിയാൽ മതി.

സിദ്ദിഖിനും ഹൈബിയ്ക്കും അരിശം വന്നു…

അവർ ഉറഞ്ഞുതിള്ളി–

‘പാഠപുസ്തകം പിൻ വലിക്കുക തന്നെ വേണം’

കോൺഗ്രസ്സ്‌ ഉപാധികളില്ലാതെ ഗവൺമന്റുമായി ചർച്ചയ്ക്കു തയ്യാറായതും അവർക്ക്‌ പിടിച്ചില്ല.

ഇനി എന്തു ചെയ്യും?

ഒരു വിദ്യാഭ്യാസ ബന്ദ്‌ കൂടി നടത്താൻ കെ.എസ്‌.യു ഓർഡറിട്ടു.

അച്ചന്മാരും കൊച്ചച്ചന്മാരും സ്കൂളുകൾ പൂട്ടിയിട്ട്‌ പിൻ തുണ നൽകി.സ്കൂളിൽ വന്ന കുട്ടികളെ വിരട്ടി ഓടിച്ചു..

തീർന്നില്ല…

ഹൈബിയും കൂട്ടരും ബദൽ(?)പാഠപുസ്തകം അച്ചടിച്ചിറക്കി..

എത്രയെണ്ണം?

അൻപതിനായിരം കോപ്പി…

പണം എവിടന്ന്?

അത്‌ ചോദിക്കരുത്‌!

അങ്ങനെ വിലസി നിൽക്കുന്നു ഹൈബി…

ബദൽ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട്‌ സിദ്ദിഖ്‌ ഒപ്പമുണ്ട്‌…

തെരഞ്ഞെടിപ്പിൽ ഒരു ടിക്കറ്റ്‌ അതാണ്‌ ആത്യന്തിക ലക്ഷ്യം!!

കഷ്ടം….ഇങ്ങനെയും ഒ‍ാരോരോ അവതാരങ്ങൾ…

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ബ്ലോഗര്‍മാര്‍ക്ക്‌ മാര്‍ക്കിടുമ്പോള്‍ സംഭവിക്കുന്നത്‌….


ഒടുവില്‍ അതും സംഭവിച്ചു…!

ഒരു മുഖ്യധാരാ പ്രസിദ്ധീകരണം ബ്ലോഗുകളുടെ കുത്തക ഏറ്റെടുത്തിരിക്കുന്നു….!

മാതൃഭൂമി ‘ബ്ലോഗന’ എന്നൊരു പംക്തി തുടങ്ങിയിരിക്കുന്നു.ഓരോ ആഴ്ചത്തേയും മികച്ച ബ്ലോഗ്‌ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നു എന്നാണ്‌ അവകാശവാദം..

ഇതൊരു നല്ല കാര്യമാണ്‌ എന്ന് കരുതുന്ന ബ്ലോഗര്‍മാര്‍ ധാരാളമുണ്ട്‌.

അത്ര നല്ല കാര്യമാണോ?

ബ്ലോഗര്‍മാര്‍ക്ക്‌ നിലവാരം നിര്‍ണ്ണയിക്കാന്‍ ഇവരാരാണ്‌?

സ്വന്തം ചിന്തകളും സ്വപ്നങ്ങളും ആവലാതികളും മറ്റും മറ്റും ആണ്‌ ബ്ലോഗര്‍മാര്‍ പോസ്റ്റായി ഇടുന്നത്‌.അവയോട്‌ പ്രതികരിച്ചുകൊണ്ട്‌ മറ്റുള്ളവര്‍ വരാറുണ്ട്‌.സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും ഒക്കെ അവിടെ നിലനില്‍ക്കുന്നു.പരസ്പര ബഹുമാനം ഏറെപ്പേരും കാത്തുസൂക്ഷിക്കുന്നു.വിവാദ പരാമര്‍ശങ്ങള്‍ക്ക്‌ പോലും സമചിത്തതയോടെ പ്രതികരിക്കുന്നു.

അതൊരു പ്രത്യേക ലോകമാണ്‌…

വ്യവസ്ഥാപിത പ്രസിദ്ധീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ‘നിലവാര’മാനദണ്ഡങ്ങളൊന്നും ബ്ലോഗിന്‌ ബാധകമല്ല.അത്‌ പലപ്പോഴും മനസ്സില്‍ നിന്നുള്ള ഏറ്റവും തെളിമയാര്‍ന്ന കുത്തൊഴുക്കാണ്‌.

അതിന്‌ മാര്‍ക്കിടാന്‍ ആര്‍ക്കാണ്‌ അവകാശം?

ബ്ലോഗുകള്‍ക്ക്‌ നിലവാരം നിര്‍ണ്ണയിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‌ ആര്‍ അധികാരം നല്‍കി?

ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്ന ഒരു പംക്തി സ്വാഗതാര്‍ഹമാണ്‌.മികച പോസ്റ്റ്‌ തെരഞ്ഞെടുപ്പ്‌ ആശാസ്യമല്ല തന്നെ!

ചില ചട്ടകൂടുകളക്കുള്ളില്‍ നിലകൊള്ളുന്ന പ്രസിദ്ധീകരണങ്ങള്‍ അവരുടെ മഞ്ഞക്കണ്ണട വച്ച്‌ ബ്ലോഗുകള്‍ നിരീക്ഷിക്കുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല.

ആയിരക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ ബ്ലോഗുകള്‍ ആശ്വാസമരുളുന്നു.വടിവൊത്ത സാഹിത്യഭാഷയില്‍ എഴുതാന്‍ കഴിയാത്തതിനാല്‍ രണ്ടാംതരക്കാരാണ്‌ എന്ന് പറയുന്നത്‌ അംഗീകരിക്കാനാവില്ല.

മാതൃഭൂമി അവരുടെ തട്ടകത്തില്‍ ഇടപാടുകള്‍ നടത്തുന്നതല്ലേ നല്ലത്‌?(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ഓണ്‍ലൈനില്‍ സൗജന്യമാക്കാന്‍ തയ്യാറുണ്ടോ? പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ക്ക്‌ പ്രതിഫലം നല്‍കുന്നില്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌.)

കമ്പോള ലക്ഷ്യങ്ങളാണ്‌ മാതൃഭൂമിക്കുള്ളത്‌ എന്നത്‌ വ്യക്തമാണ്‌.ബ്ലോഗര്‍മാരെ ആഴ്ചപ്പ്തിപ്പിന്റെ വായനക്കാരായി കിട്ടുക എന്നത്‌ ഒരു ലക്ഷ്യമാകാം.തങ്ങള്‍ മുന്‍പേ നടക്കുന്നവരാണ്‌ എന്ന് പറയിപ്പിക്കലാണ്‌ മറ്റൊന്ന്.അതോടൊപ്പം വേറെ ചിലതും….

സാഹിത്യകാരന്മാരുടെ തൊഴിത്തില്‍ക്കുത്തുകളും സാമൂഹ്യ-സാംസ്കാരിക വിഴുപ്പലക്കുകളും ആണ്‌ ‘എഴുത്ത്‌ ‘ എന്നൊരു ധാരണ ഉണ്ടാക്കലും ഇതിന്റെ ഭാഗമാണ്‌…

നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ തീരെ നിലവാരം കെട്ട പണിയാണ്‌ ‘ബ്ലോഗന ‘ എന്ന് പറയേണ്ടീരിക്കുന്നു.

ബൂലോകത്തില്‍ വലിപ്പച്ചെറുപ്പങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിച്ചികൂടാ….

വ്യവസ്ഥയില്ലായ്മയാണ്‌ ബ്ലോഗുകളുടെ സൗന്ദര്യം.അവിടെ വ്യവസ്ഥകള്‍ ചുമത്തി ബ്ലോഗര്‍മാരെ തരം തിരിക്കാനുള്ള ശ്രമങ്ങള്‍ എതിക്കപ്പെടേണ്ടതാണ്‌…

എല്ലാ ബ്ലോഗര്‍മാരും പ്രതികരിക്കേണ്ട വിഷയമാണ്‌ ഇതെന്ന് തോന്നുന്നു.