വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.(8/6/2008) കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ നിരൂപണം ചെയ്യപ്പെടുന്നു..

വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌. വാല്യം-3
————————————————————————————

പുതിയ ബ്ലോഗര്‍മാരുടെ ‘മാഗ്നാകാര്‍ട്ട’ഏതാണ്‌?

ഉത്തരത്തിന്‌ വിഷമിക്കേണ്ട.

അത്‌ അപ്പുവിന്റെ പുതിയ പോസ്റ്റാണ്‌!

പേര്‌-‘ബ്ലോഗര്‍ ഹെല്‍പ്‌ ലൈന്‍’.

തുടക്കക്കാരെ സഹായിക്കുന്നതിനുവേണ്ടി ധാരാളം പോസ്റ്റുകള്‍ ബൂലോകത്തിലുണ്ട്‌.അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ്‌ അപ്പുവിന്റെ പോസ്റ്റ്‌.

ഏറെ പ്രയോജനകരമാണത്‌.

“““““““““““““`

അപ്പുവിന്റെ ലോകത്തിലേക്ക്‌ സ്നേഹപൂര്‍വ്വം…
***********************************

‘ബ്ലോഗര്‍ ഹെല്‍പ്‌ ലൈന്‍’ വളരെ വിശദമായി തയ്യാറാക്കിയ പോസ്റ്റാണ്‌.

ബ്ലോഗ്‌ തുടങ്ങുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അധ്യായങ്ങളായി തിരിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു.

ജൂണ്‍-1 ആം തീയതിയാണ്‌ അപ്പു തന്റെ പോസ്റ്റ്‌ വായനക്കാര്‍ക്ക്‌ സമര്‍പ്പിച്ചത്‌.തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന ബ്ലോഗ്‌ ശില്‍പശാലയില്‍ അങ്കിള്‍ അക്കാര്യം പ്രഖ്യാപിക്കുകയുണ്ടായി.

അപ്പുവിന്റെ സഫലമായ പ്രയത്നത്തിന്‌ ആശംസകള്‍ നേരുന്നു.

www.bloghelpline.blogspot.com

***********************************************************************

മലയാളം ബ്ലോഗിംങ്ങിലേക്ക്‌ ധാരാളം പുതിയ ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.അവരെ സഹായിക്കാന്‍ ബൂലോകത്ത്‌ ധാരാളം ബ്ലോഗുകളും പോസ്റ്റുകളുമുണ്ട്‌.

അത്‌ മാത്രം മതിയോ?

പോര…

ആ തിരിച്ചറിവാണ്‌ ബ്ലോഗ്‌ ശില്‍പശാല നടത്താന്‍ കേരള ബ്ലോഗ്‌ അക്കാദമിയെ പ്രേരിപ്പിച്ചത്‌ എന്നു തോന്നുന്നു.

““““““““““““““““““`

തിരുവനന്തപുരത്തെ ബ്ലോഗ്‌ ശില്‍പശാല-ചില വിയോജനക്കുറിപ്പുകള്‍…
****************************************************

ജൂണ്‍-1 ന്‌ തിരുവനന്തപുരത്ത്‌ ശില്‍പശാല സംഘടിപ്പിച്ച തിരുവനന്തപുരം ബ്ലോഗ്‌ അക്കാദമിയുടെ പ്രവര്‍ത്തകരെ ആദ്യമായി അനുമോദിക്കുന്നു.

നിസ്വാര്‍ത്ഥമായ സേവനമാണ്‌ അവരുടേത്‌…

അത്‌ അംഗീകരിക്കുന്നു.

പക്ഷെ സംഘാടനം വളരെ മോശമായിരുന്നു എന്ന് പറയാതെ വയ്യ….

ഒരു മാരത്തോണ്‍ ഓട്ടത്തെ അനുസ്മരിക്കുന്ന ക്ലാസ്സുകള്‍..

ഒന്നും പൂര്‍ത്തിയാക്കാന്‍ സമ്മതിക്കില്ലെന്ന് വാശിയുള്ളതുപോലെ…

ഒരു സംഘാടകന്‍ ക്ലാസ്സെടുക്കുന്നവരുടെ കാത്‌ കടിക്കാന്‍ തയ്യാറായി എപ്പോഴും മുന്നില്‍…

വിദൂഷകന്റെ അടുത്തിരുന്നിരുന്ന,ബ്ലോഗിംങ്ങിനെക്കുറിച്ച്‌ മനസ്സിലാക്കാന്‍ വന്ന ചെറുപ്പക്കാര്‍ നിരാശ മറച്ചുവച്ചില്ല…
അവര്‍ നിരാശരായിരുന്നുവെന്ന് മുഖഭാവങ്ങളും വാക്കുകളും സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു..

മുന്നൊരുക്കത്തിന്റെ കുറവ്‌ മുഴച്ചു നിന്നു..

ഒറ്റയടിക്ക്‌ ഇത്രയും കാര്യങ്ങള്‍ പരിചയടുത്തേണ്ടിയിരുന്നോ എന്ന് വിദൂഷകന്‌ സംശയം..

ഉച്ചയ്ക്കുമുന്‍പ്‌ എല്ലാം അവസാനിപ്പിക്കും എന്ന് തീരുമാനിച്ചുറച്ചതു പോലെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.

ഉച്ചയ്ക്കുശേഷം സമയം വിശാലമായി നീണ്ടുനിവര്‍ന്നു കിടന്നു..

ചില സോഫ്റ്റുവെയറുകള്‍ കോപ്പി ചെയ്ത്‌ നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നു..
ഒരു കോപ്പി മാത്രമാണ്‌ ഉണ്ടായിരുന്നത്‌!
അതിന്റെ കോപ്പിയെടുക്കാന്‍ തീവ്രമായ ശ്രമങ്ങള്‍..പരജയങ്ങള്‍..-അതും ശില്‍പശാലയ്ക്കിടയ്ക്ക്‌…..!

ക്ലാസ്സെടുക്കുന്നവര്‍ക്ക്‌ മതിയായ സമയം അനുവദിക്കേണ്ടീരുന്നു.ഇ മെയില്‍ അക്കൗണ്ട്‌ തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണമായിരുന്നു.

ഉദ്യമത്തെ അഭിനന്ദിക്കുന്നു..

ബ്ലോഗ്‌ അക്കാദമിക്ക്‌ ആശംസകള്‍ നേരുന്നു…

***********************************************************************

ലോകത്തിലെ ഏറ്റവും വൃത്തികെട്ട രാജ്യം ഏത്‌?

കിരാതന്മാരുടെ നാടേത്‌?

ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായി അമേരിക്കയെ അല്ലാതെ മറ്റൊന്നിനെ ചൂണ്ടികാണിക്കാന്‍ കഴിയുമോ?

ഇല്ലതന്നെ!!

അമേരിക്കന്‍ ഭരണകൂടത്തിനെതിരെ അവിടത്തെ പൗരന്മാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു…

ആ സന്തോഷം രാജീവ്‌ ചേലനാട്ട്‌ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
“““““““““““““““““

രാജീവ്‌ ചേലനാട്ടിന്റെ ‘ഒരു സന്തോഷവര്‍ത്തമാനം’
***************************************

അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തുന്ന നരനായാട്ട്‌ ഒരു പുതിയ വാര്‍ത്തയല്ല.

ലോകത്തിന്റെ പോലീസ്‌ ചമയുന്ന അവര്‍ക്ക്‌ തിരിച്ചടികള്‍ നേരിട്ടു തുടങ്ങിയിരിക്കുന്നു…

മനുഷ്യത്വത്തെ ചങ്ങലക്കിട്ടിട്ട്‌ വൈറ്ററന്‍സ്‌ എന്നു വിളിക്കുന്ന യുദ്ധനിപുണന്മാര്‍ മാസ ശമ്പളത്തിനുവേണ്ടി നടത്തുന്ന അരും കൊലകള്‍…

ഒടുവില്‍ അവധിയില്‍ നാട്ടിലെത്തുമ്പോള്‍ അറിയുന്നു,തങ്ങളും നിരാലംബരാണെന്ന്!

അമേരിക്കന്‍ പട്ടാളക്കാര്‍ അസംതൃപ്തരാണ്‌.അവരുടെ ഉള്ളില്‍ പ്രതിഷേധത്തിന്റെ അഗ്നിപര്‍വ്വതം പുകയുന്നു…
ഇന്‍ഡ്യയിലെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ തുടക്കം സ്മരണയിലെത്തുന്നില്ലേ…

ലേഖകന്‍ പറയുന്നതുപോലെ നമുക്കും ആശിക്കാം–

‘നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്‌,സംഘടിക്കുക!ഇന്നത്തെ ഈ അമേരിക്കയെ അട്ടിമറിക്കുക.പുതിയ ഒരു അമേരിക്കയെ സൃഷിക്കുക.ജനാധിപത്യമൂല്യങ്ങള്‍ക്കും,ലോക സമാധാനത്തിനും,ആഗോള പാരസ്പര്യത്തിനും വിലകല്‍പ്പിക്കുന്ന അമേരിക്കയെ…’

www.rajeevchelanat.blogspot.com

***********************************************************************

ചുവപ്പ്‌ കണ്ടാല്‍ വെകളി പിടിക്കുന്ന കാളകളെ ‘രാജമാണിക്യ’ത്തില്‍ കണ്ടതോര്‍ക്കുന്നു..

ആ ഗണത്തില്‍പ്പെട്ട മനുഷ്യരും ഉണ്ടെന്ന് അടുത്ത കാലത്ത്‌ മനസ്സിലായി..

ഇന്നുവരെ കുനിഞ്ഞൊരു കുപ്പയെടുത്തിട്ടില്ലാത്ത …ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടില്ലാത്ത ചില വെളുത്ത കുപ്പായക്കാരെയും ഈ ഗണത്തില്‍പ്പെടുത്താനാണ്‌ വിദൂഷകന്‌ താല്‍പര്യം..

അവരില്‍ ചിലരെ പരിചയപ്പെടേണ്ടതാണ്‌….
“““““““““““““““““““““““““

ഡീക്കന്റെ ‘കമ്മ്യൂണിസം ക്ലാസ്‌ മുറികളിലൂടെ’…
************************************

‘ഡീക്കന്റെ തലച്ചോറില്‍ ചിതലരിക്കുന്നു..’-എന്നാണ്‌ വിദൂഷകന്‍ ഈ പോസ്റ്റിന്‌ നല്‍കുന്ന പേര്‌.

പ്രൈമറി ക്ലാസ്സികളിലെ പുതിയ പാഠപുസ്തകങ്ങളാണ്‌ ജഢ ചിന്തകളെ വീണ്ടും വിളമ്പാന്‍ ഡീക്കനെ നിര്‍ബന്ധിച്ചത്‌!

പാഠപുസ്തകങ്ങളെയും ഉള്ളടക്കത്തെയും കുറിച്ച്‌ ഇവര്‍ പറയാന്‍ തുടങ്ങിയത്‌ എന്നു മുതലാണ്‌?മുന്‍പും പാഠപുസ്തകം പരിഷ്കരിക്കലുകള്‍ നടന്നിട്ടുണ്ടല്ലോ.

അന്നൊന്നും ആരും മിണ്ടിയിട്ടില്ല..

എന്താ കാരണം..?

പാഠ്യപദ്ധതിയുണ്ടാക്കല്‍ വിദ്യാഭ്യാസ വിദഗ്ദ്ധന്മാരായ ഏതാനും ചിലരുടെ പണിയായിരുന്നു ഇതുവരെ…

അത്‌ ഈ സര്‍ക്കാര്‍ തിരുത്തി…

വിദ്യാഭ്യാസം ഒരു സാമൂഹ്യാവശ്യമാണ്‌.പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായി അത്‌ പ്രവര്‍ത്തിക്കണം.അതിന്‌ സക്രിയവും സജീവവുമായ ബോധന രീതികളും വര്‍ത്തമാനകാല സാഹചര്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയും വിധത്തിലുള്ള പാഠ്യഭാഗങ്ങളും വേണം.

സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരുമായി ചര്‍ച്ച നടത്തി ഒരു പാഠ്യപദ്ധതി പരിഷകരണം-ഡീക്കന്റെ ജീവിതകാലത്ത്‌ ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടോ?

സാധാരണയായി പുതിയ വര്‍ഷം ക്ലാസ്സിലെത്തുമ്പോഴാണ്‌ പുസ്തകം മാറിയ വിവരം അധ്യാപകരും വിദ്യാര്‍ത്ഥികളും അതുവഴി സമൂഹവും അറിഞ്ഞിരുന്നത്‌.

അതാണോ നല്ലത്‌?

-‘പ്രശ്നങ്ങളെ അറിയലല്ല,അതില്‍ ഇടപെടലാണ്‌ വരുംകാല ക്ലാസ്‌ മുറികളില്‍ ലക്ഷ്യം വയ്ക്കുന്നത്‌.’-ഇതൊരു പച്ചപ്പരമാര്‍ത്ഥം മാത്രമാണ്‌!(ശ്രീ.എന്‍.എസ്‌.മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന കഥ വായിക്കാന്‍ വിദൂഷകന്‍ ശുപാര്‍ശ ചെയ്യുന്നു.ഇടയ ലേഖന മത്സനം മാത്രം പോരല്ലൊ.ആ കഥയിലെ ഗീവര്‍ഗ്ഗീസച്ചനെ സഭ പുറത്താക്കുമോ?)

-‘സ്വാര്‍ത്ഥതയുടെ ആള്‍ രൂപങ്ങളല്ല നമുക്ക്‌ വേണ്ടത്‌’-എന്ന് ഡീക്കനും കൂട്ടരും ഇനി എന്നാണ്‌ മനസ്സിലാക്കുക???

ജഢ ചിന്തകള്‍ ഇഷ്ടമുള്ളവര്‍ക്ക്‌ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാവുന്നതാണ്‌.

www.catholicismindia.blogspot.com

***********************************************************************

മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച സാഹിത്യരൂപം ചെറുകഥയാണ്‌ എന്ന് നിസംശയം പറയാം.
ആഖ്യാന രീതിയില്‍ തന്നെ ഏറെ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു.

ആധുനിക കാല പരിസരത്തു നിന്നും ആവിഷ്കാരോപാധികള്‍ കഥാകൃത്തുക്കള്‍ തെരെഞ്ഞെടുക്കാറുണ്ട്‌.ന്യൂസ്‌ ടൈമിന്റെ പ്ശ്ചാത്തലം കഥ പറയാന്‍ ശ്രീ.സന്തോഷ്‌ ഏച്ചിക്കാനം തെരെഞ്ഞെടുത്തത്‌ ഒരു ഉദാഹരണം(കഥ-കൊമാല)

പുതിയ തൊഴില്‍ മേഖലകളും ഏറ്റവും ആദ്യം ചെറുകഥയില്‍ പ്രത്യക്ഷപ്പെടുന്നു..

‘ഹോം നഴ്സ്‌’ പുതിയകാലം സംഭാവന ചെയ്ത തൊഴില്‍ മേഖലയാണ്‌.

അത്തരക്കാരുടെ കഥയുമായി സൂര്യോദയം എത്തുന്നു..

““““““““““““““““

ഹോം നഴ്സ്‌
—————–

ഒരു ഹോം നഴ്സിന്റെ ജീവിത സങ്കടങ്ങളാണ്‌ ഇവിടെ കോറിയിട്ടിരിക്കുന്നത്‌.

വയസ്സായവരെയോ കുട്ടികളെയോ നോക്കാനാണ്‌ അത്തരക്കാരെ വിളിക്കുന്നത്‌.

ഭര്‍ത്താവും ഭാര്യയും ഉദ്യോഗസ്ഥരായ ഒരു വീട്ടിലെ കുട്ടികളെ നോക്കാന്‍ ആ ഹോം നഴ്സ്‌ നിയൊഗിക്കപ്പെടുന്നു.

മൂന്നു വയസ്സായ കുട്ടിക്ക്‌ അവളെ വളരെ ഇഷ്ടമായിരുന്നു.കുഞ്ഞ്‌ ഉറങ്ങുമ്പോള്‍ അവള്‍ കഥ ഓര്‍മ്മിക്കുന്നു…

തെറ്റിദ്ധാരണ നിമിത്തം ഭര്‍ത്താവ്‌ ഉപേക്ഷിച്ചു.കുട്ടികളെ പോലും വിട്ടുകൊടുത്തില്ല.
അവര്‍ വലുതായപ്പോള്‍ അമ്മയെ വെറുത്തു.
എന്നെങ്കിലും അവര്‍ തന്റെ നിരപരാധിത്വം തിരിച്ചറിയുമെന്ന് അവള്‍ കരുതുന്നു.

വിഷയം വര്‍ത്തമാനകാല പ്രസക്തമാണ്‌.മറ്റു പുതുമകളൊന്നിമില്ല.

ശ്രമം തുടര്‍ന്നാല്‍ നല്ല കഥകള്‍ എഴുതാന്‍ സാധിക്കുമെന്ന് വിദൂഷകന്‍.

www.sooryodayamstories.blogspot.com

***********************************************************************

റയില്‍പാളം കടന്നു വരുന്ന പെണ്‍കുട്ടി-നജീബ്‌ ചേന്നമാംഗ്ലൂര്‍
———————————————————-

റയില്‍പാളം കടന്നു വന്ന പെണ്‍കുട്ടി ആലിക്കുട്ടിയുടെ കരളും കീറി മുറിച്ചുകൊണ്ട്‌ നടന്നു പോയത്രെ!

മീശമുളച്ചു വരുന്ന അധ്യാപകനാണ്‌ ആലിക്കുട്ടി.അയാള്‍ കാസിമിച്ചയെ പരിചയപ്പെടുന്നു.അയാള്‍ പരോപകാരിയാണ്‌.അവര്‍ രണ്ടുപേരും ചേര്‍ന്ന് ജീവിത സ്വപ്നങ്ങള്‍ നെയ്തു..കണ്ണൂരില്‍ പോയി സിനിമ കണ്ടു.

റയില്‍പാളത്തില്‍ വച്ച്‌ കണ്ടുമുട്ടുന്ന പെണ്‍കുട്ടിയെക്കുറിച്ചും കാസിമിച്ച പറയുന്നു.അവളെ കാണാന്‍ ആലിക്കുട്ടിക്കും മോഹമുദിക്കുന്നു.

കഥയുടെ അവസാനം ഇങ്ങനെ-

‘റയില്‍പാളത്തിനടുത്തുള്ള വായനശ്ശാലയുടെ മുമ്പില്‍ അവര്‍ കാത്തുനിന്നു.അവള്‍ വന്നു റയില്‍പാളം മുറിച്ചു കടന്നു വായനശ്ശാലയ്ക്കു മുമ്പിലൂടെ…ആലിക്കുട്ടിയുടെ കരളും കീറിമുറിച്ചുകൊണ്ടു സുഹറയെന്ന ആ പെണ്‍കുട്ടി നടന്നുപോയി…’

നജീബ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌?

സുഹറയെ ഒറ്റനോട്ടത്തില്‍ ആലിക്കുട്ടിയ്ക്കും ഇഷ്ടമായെന്നോ?

ഒരു ഗമണ്ടന്‍ പൈങ്കിളിയില്‍ കവിഞ്ഞ്‌…..???

www.ktnajeebcmr.blogspot.com

***********************************************************************

മണലാരണ്യത്തില്‍ ജീവിക്കുന്നവരുടെ വികാര വിചാരങ്ങള്‍ മലയാളികള്‍ക്ക്‌ അന്യമല്ല.
ചില പുതിയ ചിന്തകളുമായി ശെഫി വീണ്ടും…

“““““““““““““““““““`

ശെഫിയുടെ ‘വിരഹച്ചൂട്‌’
—————————-

ശെഫിയുടെ വിരഹച്ചൂട്‌ എല്ലാ പ്രവാസികളുടേതുമാണോ..
ആയിരിക്കും..

ബിംബകല്‍പനകള്‍ക്ക്‌ പുതുമയുണ്ട്‌.

‘മരുഭൂവിലെ
മണലിന്റെ ചൂട്‌
പ്രവസിക്കുന്ന
ഭര്‍ത്താക്കളുടെ
ഹൃദയത്തിന്റെ
പൊള്ളലേറ്റിട്ടാണ്‌..’-

ഈ കണ്ടുപിടിത്തം പുതിയതാണ്‌.

കാലം തെറ്റിവരുന്ന മഴ ഭാര്യമാരുടെ കണ്ണീരാണ്‌.

അതുപോലെ ചെങ്കടലിന്‌ ചുവപ്പ്‌ വന്നതോ…

;ചെങ്കടലിന്റെ
ചുവപ്പ്‌
ദാമ്പത്യങ്ങളുടെ
മുറിവേറ്റ
ഹൃദയത്തിലെ
രക്തക്കറയാണ്‌..’

നല്ല കവിത.ആലോചനാമൃതമാണ്‌ വരികള്‍.

എന്റെ ശബ്ദം കേട്ടുവോ എന്ന ഈ കവി വിളിച്ചു ചോദിക്കുന്നു..ഈ വേറിട്ട ശബ്ദം ഒരിക്കല്‍ ഒരു ബാധപോലെ നമ്മെ ആവേശിക്കും എന്ന് ഞാന്‍ കരുതുന്നു..

എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട കവിതയാണിത്‌.

www.shefees.blogspot.com

***********************************************************************

ആള്‍ ദൈവങ്ങളുടെ അവകശങ്ങള്‍-എം.എസ്‌. പ്രകാശിന്റെ കാര്‍ട്ടൂണ്‍
—————————————————————–

കാര്‍ട്ടൂണിലേക്ക്‌ ഒരു വാതായനം…

സാമൂഹ്യവിമര്‍ശനത്തിന്‌ ഏറ്റവും ഫലപ്രദമായ മാധ്യമമാണ്‌ കാര്‍ട്ടൂണ്‍.

പ്രകാശിന്റെ കാര്‍ട്ടൂണുകള്‍വായിക്കപ്പെടേണ്ടവയാണ്‌.

-ഡിഫിക്കാരില്‍ നിന്നും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ (ആ)സാമിയുടെ ഒാട്ടം–വിളിച്ചു പറയുന്നതോ വളരെ രസകരവും..

ധാരാളം പേജുകള്‍ എഴുതുന്നതിനേക്കാള്‍ ഫലവത്താണ്‌ ഓരോ കാര്‍ട്ടൂണും!

www.lokamalayalam.blogspot.com

***********************************************************************

മലയാളം മൊബെയിലിലും വരുന്നു..

മലയാളം സപ്പോര്‍ട്ടുചെയ്യുന്ന ഫോണുകളെക്കുറിച്ചും സെറ്റിംഗിനെക്കുറിച്ചും എഴുതിയിരിക്കുന്ന ഒരു പോസ്റ്റിതാ…

““““““““““““““““““““

മൊബെയില്‍ മലയാളം
—————————

നോക്കിയ 1110ഇ,6030,3110,2310,2610,1650,2626 എന്നീ മൊബെയിലുകളില്‍ നിന്ന് മലയാളത്തില്‍ സന്ദേശമയക്കാന്‍ കഴിയുമത്രെ.

മലയാളം സെറ്റുചെയ്യാനുള്ള രീതികളൊക്കെ ഇവിടെ നിന്നറിയാം.

മൊബെയിലില്‍ നിന്ന് ബ്ലോഗ്‌ സൈറ്റിലേക്ക്‌ പൊസ്റ്റിംഗ്‌ നടത്താന്‍ കഴിയുമോയെന്ന് അറിയില്ല..

www.jaganadhg.googlepages.com

***********************************************************************

പ്രതികരണങ്ങള്‍ അറിയിക്കുക…

അടുത്ത വാല്യം (വാല്യം-4) 15/6/2008 ന്

ഒരു അറിയിപ്പ്-ബ്ലോഗ് നിരൂപണത്തിന് മാത്രമായി എനിക്ക് ഒരു ബ്ലോഗുണ്ട്.”ഉരകല്ല്”-എന്നാണതിന്റെ പേര്.ഞായറാഴ്ചകളില്‍ ഇവിടെ ഇടുന്ന പോസ്റ്റ് വ്യാഴാഴ്ച ഉരകല്ലില്‍ പുന:പ്രസിദ്ധീകരിക്കുന്നു..
www.urakallu.wordpress.com
——————————————————————————————-

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w