(എന്റെ സുഹൃത്തായ ശ്രീ.ഡി.യേശുദാസാണ് ഈ സിനിമാനിരൂപണം തയ്യാറാക്കിയത്.തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനാണദ്ദേഹം.അറിയപ്പെടുന്നതൊരു കവികൂടിയാണ്.)
ശില്‍പഭദ്രമായൊരു ചലച്ചിത്രകാവ്യമാണ് ‘ഒരേ കടല്‍’.സുഘടിതത്വവും ഏകാഗ്രതയും ഈ സിനിമയുടെ ആവര്‍ത്തിച്ചുള്ള കാഴ്ച്യയ്ക്ക് മിഴിവേകുന്നു.
സിനിമ സംവിധായകന്റെ കലയാണെന്ന ധാരണയ്ക് ഒരു തെളിവുകൂടി എന്നുപറയാം.
സ്ഥലകാലങ്ങളും ഭാവഹാവാദികളും ചലനങ്ങളും അര്‍ത്ഥപൂര്‍ണ്ണമായി നിര്‍ണ്ണയിക്കപ്പെടുകയും വേണ്ട രീതിയില്‍ ആവിഷ്കൃതമാകുകയും ചെയ്തിരിക്കുന്നു.അനാവശ്യമെന്നുപറയാവുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ഈ സിനിമയില്‍ കാണാനാവില്ല. ഈ ചലച്ചിത്രത്തിന്റെ സമഗ്രഘടനയ്ക്ക് ചാരുതയേകുന്ന ഘടകമായാണ് ഓരോ അംശവും പ്രവര്‍ത്തിക്കുന്നത്.തിരക്കഥാ രചന മുതല്‍ ചലച്ചിത്രത്തിന്റെ എല്ലാ [...]
